കാലവർഷം: കേരളത്തിൽ ജാഗ്രത നിർദേശം; വീണ്ടും റെഡ് അലർട്ട്

39

കേരളത്തിൽ ഇന്ന് മുതൽ 11 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ജൂൺ 10, ജൂൺ 11 ദിവസങ്ങളിൽ എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷമെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

നിലവിലെ സാഹചര്യത്തിൽ ജൂൺ എട്ടിനു കാലവ‍ർഷം തുടങ്ങാനാണു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. കാലവർഷം ശ്രീലങ്കയുടെ തെക്കൻ ഭാഗത്തെത്തിയെങ്കിലും അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്തുണ്ടായ ന്യൂനമർദം ഇതിനെ തടയുകയാണ്. ലക്ഷദ്വീപ് ഭാഗത്തു രൂപം കൊള്ളാനിടയുള്ള അന്തരീക്ഷച്ചുഴി കാലവർഷക്കാറ്റിനെ കേരളത്തോട് അടുപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു.