സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; അതീവ ജാഗ്രതാ നിര്‍ദ്ദേശം

7

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. ഇന്നലെമുതല്‍ കേരളത്തില്‍ ശക്തമായ മഴ പെയ്യാന്‍ തുടങ്ങി. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. നാളെ എറണാകുളം മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ന്യുനമര്‍ദ്ദം തിങ്കളാഴ്ചയോടെ ശക്തി പ്രാപിക്കും.

ഇത്തവണ പതിവിലും വൈകിയാണ് കാലവര്‍ഷമെത്തിയതെങ്കിലും ഇന്ന് മുതല്‍ സംസ്ഥാനത്ത് മഴ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 11 ജില്ലകളില്‍ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് ഇന്ന് കൂടി തുടരും. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദ്ദേശവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കി. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.