/1.7 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം; ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ്

1.7 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം; ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ്

കോവിഡ്‌ ബാധയുടെ പശ്ചാത്തലത്തിൽ 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള പാവപ്പെട്ടവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമായാണ് പാക്കേജ്. ഒരാളും വിശന്നിരിക്കേണ്ടി വരില്ലെന്നും ധനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യ ജീവനക്കാർക്കും ഇൻഷുറൻസ് പ്രഖ്യാപിച്ചു. ഒരു ജീവനക്കാരന് 50 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. 3 മാസത്തേക്കാണ് ഇൻഷുറൻസ്. അതിനകം കൊറോണ വൈറസ് നിയന്ത്രണവിധേയമാകുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.

മൂന്ന് മാസത്തേക്ക് ഓരോ പൗരനും അഞ്ച് കിലോ വീതം സൗജന്യ ഭക്ഷ്യ ധാന്യം , മുതിർന്ന പൗരന്മാർ, വിധവകൾ എന്നീ വിഭാഗങ്ങൾക്ക് ധന സഹായം തുടങ്ങിയവ പാക്കേജിന്റെ ഭാഗമായി ലഭിക്കും. രാജ്യത്തെ 80 കോടി ജനങ്ങൾക്ക് ആശ്വാസമാണ് സാമ്പത്തിക പാക്കേജ് എന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതരാമൻ പറഞ്ഞു. ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗം ഇതിൽ പെടും.