പുകവലിക്കുന്നവരെ കൊറോണ വൈറസ് വളരെ പെട്ടെന്ന് ആക്രമിക്കുമെന്ന് റിപ്പോർട്ട്

7

പുകവലിക്കുന്നവരുടെ ശ്വാസകോശത്തിനുള്ളിലേക്ക് കൊറോണ വൈറസ് വളരെ വേഗത്തിൽ പ്രവേശിക്കുമെന്ന് യൂറോപ്യന്‍ റസ്പിറേറ്ററി ജോര്‍ണല്‍ പുറത്തുവിട്ട പഠനത്തിൽ പറയുന്നു .വാന്‍കവര്‍ സെന്റ് പോള്‍ ആശുപത്രിയിലെ റസ്പിറോളജിസ്റ്റ് ജൈനിസ് ലിയൂങിന്റെ നേതൃത്വത്തിലായിരുന്നു പഠനം നടന്നത്.

പുകവലിക്കുന്നവരിലും ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉള്ളവരിലും എ.സി.ഇ-2 എന്‍സൈമുകള്‍ വളരെ ഉയര്‍ന്ന അളവില്‍ ഉത്പാദിപ്പിക്കപ്പെടും. ഇത് കൊറോണ വൈറസിന്റെ ശ്വാസകോശ അറകളിലേക്കുള്ള പ്രവേശനം സുഗമമാക്കുമെന്നാണ് പഠനത്തിലൂടെ വ്യക്തമാക്കുന്നത് . ചൈനയില്‍ കോവിഡ്-19 ബാധിച്ച് മരണപ്പെട്ടവരില്‍ പകുതിയോളം പുകവലിക്കാരായിരുന്നുവെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു . കൂടാതെ പൊണ്ണത്തടി, ഡയബറ്റിസ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരിലും കോവിഡ് വൈറസ് ബാധ ഗുരുതരമാവാൻ ഇടയുണ്ടെന്നും പറയുന്നു .

കോവിഡിനെ പ്രതിരോധിക്കാനായി പുകവലി നിര്‍ത്താന്‍ ഏറ്റവും മികച്ച അവസരമാണിതെന്നും ജൈനിസ് ലിയൂങ് കൂട്ടിച്ചേർത്തു . സി.ഒ.പി.ഡി രോഗികളായ 21 പേരുടെയും അല്ലാത്ത 21 പേരുടെയും സാംപിളുകള്‍ ശേഖരിച്ച് പരിശോധിച്ചപ്പോള്‍ സിഒപിഡി രോഗികളിലും പുകവലിക്കാരിലും എസിഇ-2 എന്‍സൈമിന്റെ നില ഉയര്‍ന്ന തോതിലാണെന്ന് കണ്ടെത്തിയത് . സമാന രീതിയിലുള്ള രണ്ട് പഠനങ്ങളുമായി ഒത്തുനോക്കി സ്ഥിരീകരിച്ച ശേഷവുമാണ് ഗവേഷണസംഘം റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.