മസ്‌ക്കറ്റിൽ  നിന്നുള്ള ചാർട്ടേർഡ് വിമാനത്തിൽ യാത്ര ചെയ്ത യുവതിക്ക് ലൈംഗികാതിക്രമണമുണ്ടായതായി പരാതി

5468

ഇന്ന് പുലര്‍ച്ചെ മസ്കറ്റിൽ നിന്നും കരിപ്പൂരിലേക്കുള്ള  ചാര്‍ട്ടേഡ് വിമാനത്തിൽ യാത്ര ചെയ്ത തിരൂര്‍ സ്വദേശിനിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമണമുണ്ടായതായി പരാതി. ഇവർക്കൊപ്പം യാത്ര ചെയ്ത വ്യക്തിയിൽ നിന്നുമാണ് യുവതിക്ക് ശാരീരികപരമായ ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 10.55 ന് മസ്‌ക്കറ്റിൽ നിന്നും പുറപ്പെട്ട വിമാനത്തിലാണ് സംഭവം.

മസ്‌ക്കറ്റിൽ നിന്നും യാത്ര ആരംഭിച്ചത് മുതൽ ഇയാളുടെ ഭാഗത്തു നിന്നും ശാരീരികവും, മാനസികവുമായ അതിക്രമണമുണ്ടായെന്നാണ് പരാതി. യുവതി വീഡിയോ കോള്‍ വിളിച്ച് ഭര്‍ത്താവിന് ഇയാളെ കാണിച്ചുകൊടുത്തു. ഈ സ്ക്രീന്‍ ഷോട്ട് സഹിതമാണ് പരാതി നല്‍കിയത്.

ഭര്‍ത്താവ് ഉടന്‍ തന്നെ എയർ പോർട്ട്  അധികൃതരെ വിവരം അറിയിച്ചുവെങ്കിലും  പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനാണ് നിര്‍ദേശം ലഭിച്ചത്. ഇതേ തുടർന്ന് നാട്ടിലെത്തിയ യുവതി മെയിൽ വഴി പരാതി നൽകുകയായിരുന്നു. പെരിന്തല്‍മണ്ണ സ്വദേശിയുടെ പേര് സഹിതമാണ് പരാതി നല്‍കിയത്. IPC 354 പ്രകാരം കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തില്‍ സാമൂഹിക അകലം പാലിക്കാതെയാണ് യാത്രക്കാരെ ഇരുത്തിയതെന്നുമുള്ള പരാതിയും ഇതിനോടൊപ്പം ഉയർന്നു വരുന്നുണ്ട്.