പ്രവാസികളുടെ തൊഴിൽ കരാർ രെജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി

ഒമാനിൽ പ്രവാസികളുടെ തൊഴിൽ കരാർ രെജിസ്റ്റർ ചെയ്യുന്നതിന് സമയപരിധി നീട്ടി. ജനുവരി 31 വരെയാണ് സമയപരിധി നീട്ടിയത്. രാജ്യത്തെ സ്വകാര്യ കമ്പനികൾ തങ്ങളുടെ സ്ഥാപനങ്ങളിലെ വിദേശ ജീവനക്കാരുടെ കരാർ വിവരങ്ങൾ തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. തൊഴിലാളികളല്ല ഉടമകളാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. തൊഴിലാളികൾക്ക് കരാർ പരിശോധിക്കാനും അംഗീകരിക്കാനും കഴിയും.

ഒരു പ്രവാസി തൊഴിലാളി ഒമാനിലെത്തുകയും അദ്ദേഹത്തിന് റസിഡന്റ് കാർഡ് ലഭിക്കുകയും ചെയ്താൽ ഉടമക്ക് തൊഴിൽ കരാർ രജിസ്റ്റർ ചെയ്യാം. നിലവിലുള്ള കരാർ പുതുക്കാനും കഴിയും. തൊഴിൽ കരാറിൽ ഇരുകൂട്ടർക്കും പ്രയോജനമുണ്ടാകുന്ന വ്യവസ്ഥകൾ വയ്ക്കാൻ തൊഴിലുടമയെ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു. തൊഴിലാളി മറ്റൊരു ജോലിയിലേക്കോ കമ്പനിയിലേക്കോ മാറിയാലും മുമ്പത്തെ തൊഴിൽ രഹസ്യങ്ങൾ വെളിപ്പെടുത്താതിരിക്കാനുള്ള കരാർ വെക്കാനും ഇനി മുതൽ കഴിയും.