ഒമാൻ സൈക്ലിംഗ് ടൂർ; രണ്ടാം ഘട്ട മത്സരത്തിൽ ബ്രിട്ടീഷ് സൈക്ലിസ്റ്റ് മാർക്ക് കാവെൻഡിച്ച് ഒന്നാം സ്ഥാനം

ഒമാൻ സൈക്ലിംഗ് ടൂറിന്റെ ഇന്ന് നടന്ന രണ്ടാം ഘട്ട മത്സരത്തിൽ ബെൽജിയൻ ക്വിക്ക് സ്റ്റെപ്പ് ടീമിന്റെ ബ്രിട്ടീഷ് സൈക്ലിസ്റ്റ് മാർക്ക് കാവെൻഡിച്ച് ഒന്നാം സ്ഥാനം നേടി. ഇന്ന് രാവിലെ ബർക്ക വിലായത്തിലെ അൽ നസീം പാർക്കിന് മുന്നിൽ നിന്ന് ആരംഭിച്ച സൈക്ലിംഗ് 167.5 കിലോമീറ്റർ താണ്ടി സൊഹാർ കൊർണിഷിലാണ് അവസാനിച്ചത്. ഫെബ്രുവരി 15 വരെ നടക്കുന്ന ടൂർണമെന്റിൽ ആറ് ഘട്ടങ്ങളിലായി 891 കിലോമീറ്റർ ദൂരത്തിലാകും മത്സരം നടക്കുക. ഏഴ് അന്താരാഷ്ട്ര ടീമുകള്‍, ഒമ്പത് പ്രോ ടീമുകൾ എന്നിവയ്‍ക്ക് പുറമെ ഒരു കോണ്ടിനന്‍റല്‍ ടീമും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.

കൊവിഡ് സംബന്ധമായ ആശങ്കകൾക്കിടയിലും കായിക രംഗത്ത് പുത്തനുണർവ് പകർന്ന ‘ടൂർഓഫ് ഒമാൻ’ ദീര്‍ഘദൂര സൈക്ലിങ് മത്സരം ആവേശത്തോടെയാണ് ഒമാനിലെ ആരാധകർ വരവേൽക്കുന്നത്. മത്സരങ്ങളെല്ലാം പ്രധാന പാതയിലൂടെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ റോയൽ ഒമാൻ പൊലീസ് പാർക്കിങ് നിയന്ത്രണങ്ങൾ   ഏർപ്പെടുത്തിയിട്ടുമുണ്ട്.