മസ്‌കത്ത് അന്താരാഷ്ട്ര പുസ്‍തകമേള 24 മുതൽ

ഇരുപത്തി ആറാമത് മസ്‌കത്ത് അന്താരാഷ്ട്ര പുസ്‍തകമേള ഒമാൻ കൺവെൻഷൻ സെന്ററിൽ ഫെബ്രുവരി 24ന് ആരംഭിക്കും. ഒമാൻ കിരീടാവകാശിയും കായിക – സാംസ്‌കാരിക മന്ത്രിയുമായ തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ് പുസ്‍തക മേള ഉദ്ഘാടനം ചെയ്യും. 27 രാജ്യങ്ങളിൽ നിന്നുള്ള 715 പ്രസാധകരാണ് ഇത്തവണ പുസ്‍തക മേളയില്‍ പങ്കെടുക്കുന്നത്. പ്രദർശനത്തിന്റെ ഭാഗമായി 114 കലാ – സാംസ്കാരിക സമ്മേളനങ്ങളും കുട്ടികൾക്കും കുടുംബാംഗങ്ങള്‍ക്കുമായുള്ള എഴുപതോളം വ്യത്യസ്‍ത പരിപാടികളുമാണ് ഒരുക്കിയിരിക്കുന്നത്.

പുസ്‍തക മേളയിലേക്കുള്ള സന്ദർശനത്തിന്  മുൻ‌കൂർ രജിസ്ട്രേഷൻ ആവശ്യമാണെന്ന് അറിയിച്ചിട്ടുണ്ട്. ഒരു ദിവസം 50,000 പേർക്ക് മാത്രമേ പ്രവേശനാനുമതി നൽകുകയുള്ളുവെന്നും പുസ്‍തക മേള ഡയറക്ടർ അഹമ്മദ് അൽ റവാബി അറിയിച്ചു.