മലയാളികളിൽ ഒന്നാമനായി എം.എ.യൂസഫലി, ഇന്ത്യയിൽ ഒന്നാമൻ മുകേഷ് അംബാനി: ഫോബ്സിന്റെ 2022ലെ അതിസമ്പന്നരുടെ പട്ടിക ഇങ്ങനെ

ഫോബ്സിന്റെ 2022ലെ അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയാണ് ഒന്നാമത്. ആഗോള തലത്തിൽ 490 സ്ഥാനത്തുള്ള യൂസഫലിക്ക് 5.4 ബില്യൻ ഡോളറിന്റെ ആസ്തിയാണുള്ളത്. ഇന്ത്യയിൽ ഒന്നാമനായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ആഗോള തലത്തിൽ 90.7 ബില്യൻ ആസ്തിയോടെ പട്ടികയിൽ പത്താമതാണ്.

ടെസ്‌ല കമ്പനി മേധാവി ഇലോൺ മസ്ക് 219 ബില്യൻ ഡോളർ ആസ്തിയുമായി ഒന്നാമതെത്തി. 171 ബില്യൻ ഡോളറുമായി ആമസോണ്‍ സിഇഒ ജെഫ് ബെസോസ് രണ്ടാമതെത്തിയപ്പോൾ, ഫ്രഞ്ച് ഫാഷൻ രംഗത്തെ അതികായർ ബെർനാഡ് അർനോൾട്ട് കുടുംബം 158 ബില്യൻ ഡോളറുമായി മൂന്നാമതെത്തി. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് 129 ബില്യൻ ഡോളറുമായി നാലാമതാണ്. നിക്ഷേപ ഗുരു വാറൻ ബഫറ്റ് 118 ബില്യൻ ഡോളറുമായി ആദ്യ അഞ്ചിൽ ഉൾപ്പെട്ടു. 

അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനി 90 ബില്യൻ ഡോളർ ആസ്തിയുമായി ആഗോള തലത്തിൽ പതിനൊന്നാമതാണ്. എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ (28.7 ബില്യൻ ഡോളർ), വാക്സീൻ നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ സൈറസ് പൂനാവാല (24.3 ബില്യൻ ഡോളർ), റീട്ടെയിൽ ഫാഷൻ രംഗത്തെ രാധാകിഷൻ ദമാനി (20 ബില്യൻ ഡോളർ) എന്നിവരാണ് ഇന്ത്യയിൽ നിന്നും പട്ടികയിൽ ഇടം പിടിച്ചവർ

ഇൻഫോസിസിന്റെ എസ്.ഗോപാലകൃഷ്ണൻ (4.1 ബില്യൻ ഡോളർ), ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രൻ (3.6 ബില്യൻ ഡോളർ), രവി പിള്ള (2.6 ബില്യൻ ഡോളർ), എസ്.ഡി.ഷിബുലാൽ (2.2 ബില്യൻ ഡോളർ), ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി (2.1 ബില്യൻ ഡോളർ), ജോയ് ആലുക്കാസ് (1.9 ബില്യൻ ഡോളർ) എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റു മലയാളികൾ.