ഈ റമദാനില്‍ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 150,000 ഒമാന്‍ റിയാല്‍ നീക്കിവെച്ച് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്

ആഗോളതലത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്, പുണ്യ റമദാന്‍ മാസത്തിന്റെ പ്രചോദനമുള്‍ക്കൊണ്ട് ജിസിസി, ഫാര്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുകയാണ്. വിവിധ എംബസികള്‍, അസോസിയേഷനുകള്‍, സമാന മനസ്‌കരായ സംഘടനകള്‍ എന്നിവയുമായി സഹകരിച്ചാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഈ റമദാനില്‍ അര്‍ഹരായ തൊഴിലാളികള്‍ക്കും, കുടുംബങ്ങള്‍ക്കും ഇഫ്ത്താര്‍ മീല്‍സും, ഭക്ഷ്യ കിറ്റുകളും നൽകുന്നത്. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് പ്രവര്‍ത്തിക്കുന്ന എല്ലാ രാജ്യങ്ങളിലുമുള്ള സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് ഇത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

ഈ റമദാന്‍ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇഫ്താര്‍ പൊതികളും, ഭക്ഷ്യ കിറ്റുകളുമാണ് വിതരണം ചെയ്യുന്നത്. ഒമാനില്‍, മസ്‌കറ്റ്, സീബ്, ബര്‍ക്ക, സൊഹാര്‍, സലാല വ്യാവസായിക മേഖലകളിലെ വിവിധ ലേബര്‍ ക്യാമ്പുകള്‍ക്ക് പുറമെ അര്‍ഹരായ നിരവധി നിര്‍ധന കുടുംബങ്ങള്‍, ജോലി നഷ്ടപ്പെട്ട വ്യക്തികള്‍, സന്ദര്‍ശന വിസയിലുള്ളവര്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഉപഭോക്താക്കളും, സമാന മനസ്‌കരായ സംഘടനകളും നിര്‍ദ്ദേശിക്കപ്പെടുന്ന വ്യക്തികള്‍ തുടങ്ങിയവര്‍ക്കെല്ലാമാണ് ഇഫ്ത്താര്‍ ഭക്ഷണ പൊതികളെത്തിക്കുന്നത്.

1993 ല്‍ സ്ഥാപിതമായതുമുതല്‍ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പ്രധാന മൂല്ല്യമായി തുടരുന്നതായി മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ സലാം പറഞ്ഞു. സാമൂഹിക ക്ഷേമത്തിനായുള്ള ഈ പ്രവര്‍ത്തനങ്ങള്‍ സ്ഥാപനത്തിന്റെ ESG (ENVIRONMENTAL, SOCIAL, GOVERNANCE)ലക്ഷ്യങ്ങളുടെ ഒരു സുപ്രധാന ഭാഗമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചിന്തിക്കുകയും, സാധ്യമായ വിധത്തില്‍ സമൂഹത്തിന് സംഭാവന നല്‍കുകയും ചെയ്യുന്ന സമയമാണ് റമദാന്‍. എല്ലാ വര്‍ഷവും റമദാനില്‍, ഞങ്ങള്‍ വിവിധ സിഎസ്ആര്‍ ഉദ്യമങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലകളിലും, പരിസരങ്ങളിലുമുള്ള സമൂഹങ്ങളില്‍ ഒരു മാറ്റം കൊണ്ടുവരാനും, അര്‍ഹരായവരെ സഹായിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് വലുതും ചെറുതുമായ സമാന മനസ്‌കരായ മറ്റ് സംഘടനകള്‍ക്ക് പ്രചോദനമേകാനും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതായും കെ.പി. അബ്ദുല്‍ സലാം വ്യക്തമാക്കി.

റമദാനിന്റെ ചൈതന്യം നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്താന്‍ പ്രേരിപ്പിക്കുന്നതിനൊപ്പം മാനുഷിക മൂല്യങ്ങള്‍ പ്രാവര്‍ത്തികമാക്കുവാനുള്ള അധിക അവസരവും നല്‍കുന്നതായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിലെ ടീം അംഗങ്ങള്‍ക്കൊപ്പം, സമാന മനസ്‌കരായ സംഘടനകള്‍, അസോസിയേഷനുകള്‍ എന്നിവര്‍ ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നതിനാല്‍ പ്രാദേശിക സമൂഹങ്ങളിലെ ആവശ്യക്കാരെ തിരിച്ചറിയാനും പിന്തുണ നല്‍കാനും കഴിയുമെന്ന് ഉറപ്പുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കള്‍, പങ്കാളികള്‍, ടീം അംഗങ്ങള്‍ അധികാരികള്‍, എന്നിവരുമായി ചേര്‍ന്ന് സമൂഹത്തില്‍ നന്മ നിറഞ്ഞ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നത് തുടരാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഷംലാല്‍ അഹമ്മദ് കൂട്ടിച്ചേര്‍ത്തു.