ബുറൈമിക്കാരുടെ പ്രിയ അധ്യാപകന് ഇന്ത്യന്‍ സമൂഹത്തിന്റെ യാത്രയയപ്പ്

മസ്‌കത്ത്: ബുറൈമിയിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ഏറെ പ്രിയങ്കരനായ ബുറൈമി ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകനും നിലവിലെ അഡൈ്വസറുമായ ശ്യാം ദിവേദിക്ക് യാത്രയയപ്പ്. ബുറൈമി സ്‌കൂളിലെ തന്നെ അധ്യാപികയായിരുന്ന പ്രിയപത്‌നി രശ്മി ടീച്ചറും സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്.
ഗുബ്ര ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകനായി 1996ല്‍ ആണ് ശ്യാം ദിവേദി ഒമാനില്‍ എത്തുന്നത്. പിന്നീട് ബുറൈമിയില്‍ ഇന്ത്യന്‍ സ്‌കൂള്‍ ആരംഭിക്കുന്ന സമയം പ്രധാന അധ്യാപകനായി ഇവിടെ നിയമിക്കുകയായിരുന്നു. മൂന്ന് അധ്യാപകരും കുറിച്ച് വിദ്യാര്‍ഥികളുമായി ആരംഭിച്ച സ്‌കൂള്‍ നിലവിലെ നിലയിലേക്ക് വളര്‍ന്നതിന് പിന്നില്‍ ശ്യാം ദിവേദിയുടെ കഠനി പ്രയത്‌നമാണ്.
ഉത്തര്‍പ്രദേശ് വാരാണസി സ്വദേശിയായ അദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്‌കൂളുകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ബുറൈമി ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഇന്ത്യന്‍ സ്‌കൂള്‍ ബി ഒ ഡി എഡ്യുക്കേഷന്‍ അഡൈ്വസര്‍ വിനോഭ മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ ശാന്തകുമാര്‍ ദസാരി, സ്ഥാപക പ്രസിഡന്റ് അഹമ്മദ് കോയ, എസ് എം സി പ്രസിഡന്റ് ഷഹീന്‍, എസ് എം സി അംഗങ്ങളായ കൃഷ്ണദാസ്, അര്‍ജുന്‍ എന്നവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.