ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം യുവജനോത്സവം നാളെ മുതല്‍

മസ്‌കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം സംഘടിപ്പിക്കുന്ന കലാ മത്സരങ്ങള്‍ ഏപ്രില്‍ മുന്ന് മുതല്‍ ആറ് വരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, ഒപ്പന, തിരുവാതിര, സംഘനൃത്തം തുടങ്ങിയ നൃത്ത ഇനങ്ങളും, ലളിതഗാനം, ശാസ്ത്രീയ സംഗീതം, മാപിളപ്പാട്ട്, നാടന്‍പാട്ട്, വടക്കന്‍ പാട്ട്, സംഘ ഗാനം, കഥാപ്രസംഗം എന്നിവയ്ക്ക് പുറമെ, സിനിമാഗാനവും മത്സര ഇനങ്ങളായി ഉണ്ടാവും. പ്രസംഗ മത്സരം, കവിതാലാപനം, ലേഖനം, കഥാ രചന, കവിതാ രചന തുടങ്ങിയവ മലയാളത്തിലും ഇംഗ്ലീഷിലും ഉണ്ടായിരിക്കും. ഉപകരണ സംഗീത മത്സരത്തില്‍ കീ ബോര്‍ഡ് മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചിത്ര രചന, പെയിന്റിംഗ് എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ ഉണ്ടായിരിക്കും.
ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന സ്‌കൂളിന് ട്രോഫിയും സമ്മാനിക്കും.
ഒമാനിലെ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന മത്സരങ്ങളില്‍ ഇത്തവണ ആയിരത്തോളം പേരാണ് മത്സര രംഗത്തുള്ളത്. ദാര്‍സൈത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ വെച്ചാണ് മത്സരങ്ങള്‍. സാഹിത്യ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മത്സരങ്ങള്‍ നടക്കുമ്പോള്‍ തത്സമയം പേര് നല്‍കാവുന്നതാണെന്നും സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 93397868/99881475.