ഒമാനില്‍ ജീവിത ചെലവുയര്‍ന്നു

മസ്‌കത്ത്: ഒമാനില്‍ വിലക്കയറ്റം 0.43 ശതമാനമായി ഉയര്‍ന്നു. ഭക്ഷണം, ശീതള പാനീയങ്ങള്‍ എന്നിവക്കാണ് വലിയ തോതില്‍ വിലക്കയറ്റമുണ്ടായത്. ഇവയ്ക്ക് മാത്രം 2.26 ശതമാനം വില വര്‍ധിച്ചതായി നാഷനല്‍ സെന്റര്‍ ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം വ്യക്തമാക്കി. റസ്‌റ്റോറന്റ് (0.24 ശതമാനം), വസ്ത്രം ചെരുപ്പ് (0.04), വിദ്യാഭ്യാസം (2.02 ശതമാനം), വിനോദം (0.34 ശതമാനം) എന്നിങ്ങനെയാണ് മറ്റു മേഖലകളിലെ വിലക്കയറ്റം. ഫര്‍ണിച്ചര്‍ ഗൃഹോപകരണം ഗാര്‍ഹിക അറ്റക്കുറ്റപ്പണി എന്നിവക്കും ചെലവ് വര്‍ധിച്ചു.
അതേസമയം, ഗതാഗത മേഖലയില്‍ 0.93 ശതമാനത്തിന്റെ വിലക്കുറവുണ്ടായി. പലവക ചരക്ക് സേവനങ്ങളുടെത് 2.26ഉം ടെലികമ്യൂനിക്കേഷന്‍ വിഭാഗത്തിന്റെത് 0.38ഉം ആരോഗ്യവിഭാഗത്തിന്റെത് 0.49ഉം ശതമാനം വീതം കുറഞ്ഞിട്ടുണ്ട്. ഹൗസിംഗ്, വെള്ളം, വൈദ്യുതി, ഗ്യാസ്, ഇന്ധനം, പുകയില എന്നിവയുടെ വിലയില്‍ മാറ്റമില്ല. ദോഫാര്‍ ഗവര്‍ണറേറ്റിലാണ് കൂടുതല്‍ വിലക്കയറ്റം; 0.84 ശതമാനം.