യുഎഇ-ഒമാൻ റെയിൽവേ നെറ്റ്‌വർക്ക് പദ്ധതിയുടെ പുരോഗതി വിലയിരുത്തി

മസ്‌കറ്റ്: യുഎഇ-ഒമാൻ റെയിൽവേ നെറ്റ്‌വർക്ക് പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ഒമാനിന്റെയും ഇത്തിഹാദ് റെയിൽ കമ്പനിയുടെയും ഡയറക്ടർ ബോർഡ് യോഗം മസ്‌കറ്റിൽ ചേർന്നു. യുഎഇയിലെ ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രിയും ഒമാൻ, ഇത്തിഹാദ് റെയിൽ കമ്പനി ഡയറക്ടർ ബോർഡ് ചെയർമാനുമായ സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് അൽ മസ്‌റൂയി, ഒമാനി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രിയും ഒമാൻ, ഇത്തിഹാദ് റെയിൽ കമ്പനി ഡയറക്ടർ ബോർഡ് വൈസ് ചെയർമാനുമായ സയീദ് ബിൻ ഹമൂദ് അൽ മവാലി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സൊഹാർ തുറമുഖത്തെ യുഎഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനാണ് സംയുക്ത റെയിൽവേ ശൃംഖല സജ്ജീകരിച്ചിരിക്കുന്നത്. സുൽത്താനേറ്റിനെയും യുണൈറ്റഡ് അറബ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന സുരക്ഷിതവും കാര്യക്ഷമവുമായ റെയിൽവേ ശൃംഖലയുടെ വികസനത്തിലൂടെയും പ്രവർത്തനത്തിലൂടെയും യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്റെയും സുഗമമാക്കുക, ഇരു രാജ്യങ്ങളിലെയും പ്രൊഫഷണലുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സുസ്ഥിര വികസനവും ശക്തമായ ബന്ധങ്ങളും വളർത്തിയെടുക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.