കാസർഗോഡ് ഇന്ന് നിർണായക ദിനം: 77 പരിശോധനാഫലങ്ങൾ പ്രതീക്ഷിക്കുന്നു; ആരെങ്കിലും റോഡിലിറങ്ങിയാൽ തൽക്ഷണം അറസ്റ്റ്

കോവിഡ് രോഗബാധയിൽ കാസർഗോഡ് ഇന്ന് നിർണായക ദിനമെന്ന് ജില്ലാ കളക്ടർ സജിത് ബാബു. 77 പരിശോധനാഫലങ്ങൾ ആണ് പ്രതീക്ഷിക്കുന്നത്. ജില്ലയിൽ നിരവധി പേർ രോഗലക്ഷണങ്ങളുമായി പരിശോധനയ്ക്ക് എത്തുന്നുണ്ട്. സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ഇന്ന് അറിയാൻ കഴിയുമെന്ന് കളക്ടർ പറഞ്ഞു. ഇപ്പോൾ ജില്ലയിൽ 45 രോഗികൾ ചികിത്സയിലുണ്ട്. 44 പേരെ മൂന്നു തവണ കൂടി പരിശോധിക്കും. രോഗം ഭേദമായാലും 28 ദിവസം ക്വറന്റൈൻ പാലിക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു.

ജില്ലയിൽ നിലവിലെ രോഗികളിൽ 41 പേരും വിദേശത്തു നിന്ന് വന്നവരാണ്. നാല് പേർ മാത്രമാണ് ജില്ലയിലുള്ളവരിൽ പോസിറ്റീവ് ആയിട്ടുള്ളത്. ഇവരിൽ നിന്നും സമൂഹ വ്യാപനത്തിനുള്ള സാധ്യത വളരെ കുറവാണ്.

കാസർകോട് ജില്ലയിൽ ഒരാളും സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങേണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതിൻറെ പേരിൽ ആരെങ്കിലും റോഡിലിറങ്ങിയാൽ തൽക്ഷണം അറസ്റ്റ് ഉണ്ടാകുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.