ബുദ്ധിമുട്ടനുഭവിക്കുന്ന  വിദ്യാർഥികൾക്കും, കുടുംബാംഗങ്ങൾക്കുമായി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന  വിദ്യാർഥികൾക്കും, കുടുംബങ്ങൾക്കുമായി 1.1 മില്യൺ റിയാലിന്റെ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ച് ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ. നിലവിലെ സാഹചര്യത്തിൽ സ്കൂൾ ഫീസുകളിൽ ഇളവ് അനുവദിക്കുക, കാലാവധി നീട്ടി നൽകുക, കൗൺസിലിംഗുകൾ ഏർപ്പെടുത്തുക, ആവശ്യമുള്ളവർക്ക് ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുക തുടങ്ങിയവയാണ് ഇതിന്റെ ഭാഗമായി നടപ്പിലാക്കുകയെന്ന് ഇന്ത്യൻ സ്കൂളുകളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഡോ. ബേബി സാമുവൽ വ്യക്തമാക്കി.

വിദ്യാർഥികളിൽ നിന്നും ലഭിക്കുന്ന ഫീസുകൾ മാത്രമാണ് സ്കൂളുകളുടെ ആകെ വരുമാന മാർഗമെന്നും, ഇതിന് പുറമെ മറ്റൊരു വിധത്തിലുള്ള സാമ്പത്തിക സഹായങ്ങളും ലഭ്യമാകുന്നില്ലെന്നും ഇദ്ദേഹം അറിയിച്ചു. മേഖലയിലെ സ്കൂളുകളിൽ ഏറ്റവും കുറഞ്ഞ ഫീസുകൾ ഈടാക്കുന്നതും ഇന്ത്യൻ സ്കൂളുകളിലാണ്. എന്നാൽ നിലവിലെ പ്രത്യേക സാഹചര്യത്തിൽ വിദ്യാർഥികൾക്കും, കുടുംബാംഗങ്ങൾക്കുമായി ആവശ്യമായ സഹായങ്ങൾ എല്ലാം സാധ്യമാക്കുമെന്നും ഇദ്ദേഹം അറിയിച്ചു.