ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ചു കൊണ്ട് ഒമാൻ പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കി 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻ നിര പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ചു കൊണ്ട് ഒമാൻ പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കി. ഡോക്ടർമാർ, നഴ്‌സുമാർ, പോലീസ്, സന്നദ്ധ പ്രവർത്തകർ തുടങ്ങി വൈറസ് വ്യാപനം തടയുന്നതിൽ സജീവമായ ഇടപെടൽ നടത്തുന്ന മുഴുവൻ ആളുകൾക്കും രാജ്യത്തിന്റെ നന്ദി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. ജൂൺ 22 മുതൽ റുവി, അൽ ഖൗദ്, സലാല സെൻട്രൽ പോസ്റ്റ് ഓഫീസ്, അൽ കുവൈർ, സിനാവ്, സുർ, നിസ്‌വ, സൊഹാർ, റുസ്താഖ് എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിൽ നിന്നും സ്റ്റാമ്പുകൾ പൊതു ജനങ്ങൾക്ക് ലഭ്യമാകും. സ്റ്റാമ്പുകളുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന തുകയുടെ 40 ശതമാനവും ആരോഗ്യ വകുപ്പിന്റെ എൻഡോവ്മെന്റ് ഫണ്ടിലേക്കാണ് പോകുക.