പള്ളികൾ തുറക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പ്രഖ്യാപിച്ചു

സുൽത്താനേറ്റിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചിട്ടിരിക്കുന്ന പള്ളികൾ വീണ്ടും തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് അവ്കാഫ് മതകാര്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. സുപ്രീം കമ്മിറ്റി നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടാകും പള്ളികളിൽ ആരാധനയ്ക്കുള്ള അനുമതി ലഭിക്കുക.

പൊതു നിർദ്ദേശങ്ങൾ ;

1. പ്രാർത്ഥന സമയങ്ങളിൽ മാത്രമാകും പള്ളികൾക്കുള്ളിൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുക. പരമാവധി 15 മിനുട്ട് മാത്രമാകും പ്രാർഥന ചടങ്ങുകൾക്കും, പിരിഞ്ഞു പോകലുകൾക്കുമായി അനുവദിക്കുക.

2. പള്ളിക്കുള്ളിൽ നിങ്ങളുടെ സ്വന്തം ഖുറാൻ അല്ലെങ്കിൽ ഇലക്ട്രോണിക് ഖുറാൻ ഉപയോഗിക്കുക.

3. സ്ത്രീകളുടെ പ്രാർത്ഥനാ ഹാളുകളും റഫ്രിജറേറ്ററുകളും അടച്ചിരിക്കണം.

4. ടോയ്‌ലറ്റുകൾ അടച്ചിരിക്കണം.

5. പരവതാനികളെ സാമൂഹിക അകലം പാലിച്ച് (1.5 മീറ്റർ) അടയാളപ്പെടുത്തണം.

6. പള്ളിയിലേക്കെത്തുന്ന മുഴുവൻ വിശ്വാസികളും എല്ലായ്പ്പോഴും മാസ്‌ക്കുകൾ ധരിക്കേണ്ടതാണ്, പള്ളിയിൽ പ്രവേശിക്കുന്നതിനു മുമ്പും പുറത്തും കൈകൾ അണുവിമുക്തമാക്കണം.

7. പള്ളിയുടെ പരിസരത്ത് പ്രാർത്ഥിക്കാൻ അനുവാദമുണ്ട്.

8. പള്ളിയുടെ സൂപ്പർവൈസർമാർ, ഏജന്റുമാർ, അവരുടെ ചുമതലയുള്ളവർ എന്നിവർ പ്രാർത്ഥന ചടങ്ങുകളുടെ അവസാനം പള്ളി അടയ്ക്കാൻ ബാധ്യസ്ഥരാണ്. അത് 15 മിനുട്ടിൽ കൂടരുത്.

9. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ, പള്ളികളുടെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ അവ്കാഫ് മന്ത്രാലയത്തെ അറിയിക്കേണ്ടതാണ്. നിയമലംഘനം സ്ഥിരീകരിച്ചാൽ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ പള്ളി അടച്ചിരിക്കും.