വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് : ‘ഒമാൻ മലയാളികൾ’ എംബസിയെ സമീപിക്കുന്നു

എയർ ബബ്ൾ എഗ്രിമെന്റ് പ്രകാരം പ്രതിവാര സീറ്റുകൾ കുറഞ്ഞതിന്റെ മറവിൽ അനുദിനം വർദ്ധിച്ചു വരുന്ന വിമാന ടിക്കറ്റ് നിരക്ക് പ്രവാസികളെ അലട്ടുന്ന വലിയൊരു പ്രശ്നമായി ഉയർന്നുവരികയാണ്.ഔട്ട് പാസ് ആനുകൂല്യത്തിൽ നാടണയാൻ ശ്രമിക്കുന്ന നിരവധി പ്രവാസികൾക്ക് വലിയ തിരിച്ചടിയാണിത്. ഈ കോവിഡിന്റെ വിഷമഘട്ടത്തിൽ പ്രവാസികൾക്ക് താങ്ങാവേണ്ട വിമാനകമ്പനികൾ ഇത്തരത്തിലുള്ള വിലവർധനയിലൂടെ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്.

ഇതിനെതിരെ പ്രതികരിക്കാൻ ‘ഒമാൻ മലയാളികൾ’ വാട്സ്ആപ്പ് കൂട്ടായ്മ ശക്തമായി മുന്നോട്ടിറങ്ങിയിരിക്കുകയാണ്.ഓമാൻ മലയാളികൾ ഗ്രൂപ്പ് ചീഫ്കോർഡിനേറ്റർ ശ്രീ.റഹീം വെളിയങ്കോടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിൽ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്ഇന്ത്യൻ എംബസിക്ക് പരാതി നൽകാൻ തീരുമാനിക്കുകയും ചെയ്തു. കോർഡിനേറ്റർ അഷ്റഫ് ചാവക്കാട് തുടർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.ഈ വിഷയത്തിൽ സഹകരിക്കാൻ താത്പര്യമുള്ളവരുമായി ബന്ധപ്പെട്ട് തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ യോഗം ബഷീർ ശിവപുരത്തിനെ ചുമതലപ്പെടുത്തി.മുഹ്സിൻ മജീദ് സ്വാഗതവും,യാസർ നാദാപുരം നന്ദിയും പറഞ്ഞു.