കോവിഡ് പ്രോട്ടോക്കോൾ ലംഘനം; ഇത് വരെ നടപടി നേരിട്ടത് 790 പേർ – 394 പേർ പ്രവാസികൾ 

സുൽത്താനേറ്റിൽ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ചതിന് ഇതുവരെ 790 പേർക്കെതിരെ നടപടി സ്വീകരിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അധികൃതർ അറിയിച്ചു. സുപ്രീം കമ്മിറ്റി നിർദ്ദേശങ്ങൾ ലംഘിച്ച 248 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നടപടികൾ നേരിട്ടവരിൽ 396 പേർ ഒമാൻ പൗരൻമാരും, 394 പേർ പ്രവാസികളുമാണ്.

ആകെ രെജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ 25 ശതമാനവും ലോക് ഡൗൺ കാലയളവിൽ പുറത്തിറങ്ങിയതിനുള്ളതാണ്. 19 ശതമാനം കേസുകൾ പൊതു ഇടങ്ങളിൽ മാസ്‌ക്കുകൾ ധരിക്കാത്തതിനും, 17 ശതമാനം കേസുകൾ വ്യാപാര സ്ഥാപനങ്ങൾക്കെതിരെയുമാണ് സ്വീകരിച്ചിട്ടുള്ളത്. നിയന്ത്രണങ്ങൾ ലംഘിച്ച് സംഘം ചേർന്നതിനാണ് 12 ശതമാനം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മസ്‌ക്കറ്റ് ഗവർണറേറ്റിലാണ് ഏറ്റവുമധികം നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.