കോവിഡിന്റെ ഉത്ഭവം : മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരാനാണ് സാധ്യതയെന്ന മുൻകണ്ടെത്തൽ ആവർത്തിച്ച് ലോകാരോഗ്യസംഘടന

കോവിഡിന്റെ ഉദ്ഭവം, വ്യാപനം എന്നിവ അന്വേഷിക്കുന്ന ലോകാരോഗ്യസംഘടനാ സമിതിയുടെ ആദ്യ റിപ്പോർട്ട് പുറത്തിറങ്ങി. കോവിഡ് മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരാനാണ് സാധ്യതയെന്ന മുൻകണ്ടെത്തൽ സമിതി ആവർത്തിച്ചു. ഇതു സ്ഥിരീകരിക്കാൻ കൂടുതൽ വിവരങ്ങൾ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.

27 പേരുള്ള സമിതിയിൽ ഐസിഎംആർ മുൻ ശാസ്ത്രജ്ഞൻ ഡോ. രമൺ ആർ. ഗംഗാഖേദ്കരും അംഗമാണ്. പ്രസിദ്ധീകരിച്ച ഗവേഷണഫലങ്ങൾ മാത്രമാണു സമിതി പരിഗണിച്ചത്. കോവിഡിനു കാരണമായ വൈറസിനോട് അടുത്ത ജനിതക സാമ്യമുള്ള വൈറസിനെ ചൈന, ലാവോസ് എന്നിവിടങ്ങളിൽ ചില വവ്വാലുകളിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവ പരിണമിച്ച് മനുഷ്യരിലേക്ക് എത്തിയത് എങ്ങനെയെന്നതിന് മതിയായ തെളിവുകൾ ലഭിച്ചിട്ടില്ല. കോവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ മാർക്കറ്റിൽ വിപണനം ചെയ്ത മൃഗങ്ങളുടേതടക്കം കൂടുതൽ വിവരങ്ങൾ സമിതി ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് ഗവേഷകർ നൽകിയ വിവരങ്ങൾ അപര്യാപ്തമാണെന്ന് സമിതി വിലയിരുത്തി.

വുഹാനിലെ ബയോലാബിൽ നിന്നു കൊറോണ വൈറസ് ചോർന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയില്ലെന്നു സമിതി അറിയിച്ചു. എന്നാൽ ഇതിനെ ചൈന, റഷ്യ, ബ്രസീൽ എന്നിവിടങ്ങളിലെ 3 അംഗങ്ങൾ എതിർത്തു. കഴിഞ്ഞ വർഷം മാർച്ചിൽ ലോകാരോഗ്യ സംഘടനയും ചൈനയും നേതൃത്വം നൽകിയ പ്രത്യേക പഠനസംഘം വൈറസ് ചോർന്നതാണെന്ന വാദം തള്ളിയിരുന്നു. ഇതു വിവാദമായതിനെത്തുടർന്നാണ് പുതിയ സമിതിക്ക് ഡബ്ല്യുഎച്ച്ഒ രൂപം നൽകിയത്. ചൈന കഴിഞ്ഞ ദിവസം റിപ്പോർട്ടിനെതിരെ രംഗത്തുവന്നു. ലാബ് ചോർച്ച സിദ്ധാന്തം ചൈനാ വിരുദ്ധ ശക്തികളുടെ സൃഷ്ടിയാണെന്ന് വിദേശകാര്യമന്ത്രി ഷാവോ ലിജിയൻ ആരോപിച്ചു.