സുൽത്താൻ ഖാബൂസ് സെന്റർ ഫോർ കാൻസർ റിസർചിൽ ലിവർ സർജറി രജിസ്‌ട്രേഷൻ ആരംഭിച്ചു

മസ്കത്ത്: സുൽത്താൻ ഖാബൂസ് കോംപ്രിഹെൻസീവ് കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ (എസ്‌ക്യുസിസിആർസി) ലിവർ സർജറി രജിസ്‌ട്രേഷൻ ആരംഭിച്ചു. ഒമാനിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണ് ഈ പദ്ധതി. നിരവധി പ്രാദേശിക, ജിസിസി മെഡിക്കൽ സെന്ററുകൾ ഉൾപ്പെടുന്നതാണ് പദ്ധതി.

“വിപുലവും സംയോജിതവും ക്രമീകരിച്ചതുമായ രീതിയിൽ രോഗികളുടെ വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്രം ശ്രമിക്കുന്നു. അത് ശാസ്ത്രീയമായി ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു ഡാറ്റാബേസ് നിർമ്മിക്കാൻ സഹായിക്കുമെന്ന് എസ്‌ക്യുസിസിആർസിയിലെ ഹെപ്പറ്റോബിലിയറി ആൻഡ് പാൻക്രിയാറ്റിക് ട്യൂമേഴ്‌സ് സർജറി കൺസൾട്ടന്റ് ഡോ. അബ്ദുല്ല യഹ്‌യ അൽ ഫാരി പറഞ്ഞു. സമഗ്ര ഗവേഷണത്തിന് സംഭാവന നൽകുന്നതിനു പുറമേ, രോഗികളുടെ പരിചരണം മെച്ചപ്പെടുത്തുന്നതിന് പഠനഫലം ഉപയോഗപ്പെടുത്തുക എന്നതാണ് രജിസ്ട്രി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗികളുടെ വിവരങ്ങളുടെ ശേഖരണം രഹസ്യാത്മക പ്രക്രിയയിലൂടെ നടത്തുമെന്നും അത്തരം ഡാറ്റ പങ്കിടുന്നില്ലെന്ന് ഉറപ്പാക്കുമെന്നും അൽ ഫാരി ചൂണ്ടിക്കാട്ടി.