‘സലാല ഈറ്റ്’ ഭക്ഷ്യമേളയ്ക്ക് തുടക്കം

‘സലാല ഈറ്റ്’ ഭക്ഷ്യമേളയ്ക്ക് തുടക്കമായി. ഒമാൻ ടൂറിസം ഡെവലപ്‌മെന്റ് കമ്പനി (ഒമ്രാൻ ഗ്രൂപ്പ്), ദോഫാർ മുനിസിപ്പാലിറ്റി, പൈതൃക, ടൂറിസം മന്ത്രാലയം, നിരവധി സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തിൽ നിന്ന് വരുന്ന ‘സലാല ഈറ്റ്’ ഭക്ഷ്യമേള അടുത്തിടെ ആരംഭിച്ചിരുന്നു. ദോഫാർ ഗവർണറേറ്റിലെ പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ഒന്നിലധികം പരിപാടികളും വിനോദ പ്രകടനങ്ങളും കൊണ്ട് സന്ദർശകരെ അനുഭവ സമ്പന്നരാക്കുന്നതിനാണ് ഫെസ്റ്റിവൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് ബിൻ മൊഹ്‌സെൻ അൽ ഗസ്സാനിയുടെ സാന്നിധ്യത്തിൽ ഹവാന സലാല റിസോർട്ടിൽ നടന്ന ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി ചെയർമാൻ എഞ്ചിൻ മുഹമ്മദ് ബിൻ അബൂബക്കർ സലിം അൽ സെയ്ൽ അൽ ഗസ്സാനി, ഒമ്രാൻ ഗ്രൂപ്പ് സിഇഒ ഹാഷിൽ ബിൻ ഉബൈദ് അൽ മഹ്‌റൂഖിയും തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഹവാന സലാല റിസോർട്ടിൽ ഓഗസ്റ്റ് 13 വരെയാണ് പരിപാടികൾ നടക്കുക. ആഴ്ച ദിനങ്ങളിൽ വൈകുന്നേരം 6 മുതൽ അർദ്ധരാത്രി 12 വരെയും വാരാന്ത്യങ്ങളിൽ വൈകുന്നേരം 6 മുതൽ പുലർച്ചെ 2 വരെയും അതിഥികൾക്ക് പങ്കെടുക്കാൻ സാധിക്കും. 55-ലധികം എസ്എംഇകൾ ഉൾപ്പെടെ 70-ലധികം ഭക്ഷണ-പാനീയ ഉത്പാദകരിൽ നിന്ന് ഒമാനി, അന്തർദേശീയ വിഭവങ്ങളുടെ രുചി അറിയാൻ കഴിയും. കൂടാതെ, സന്ദർശകർ ഫുഡ് ഫെസ്റ്റിവലിൽ ചെലവഴിക്കുന്ന ഓരോ നിമിഷവും ആസ്വദിക്കുന്നുവെന്ന് ഉറപ്പാക്കാൻ പത്തോളം വിനോദ പരിപാടികളും സംഘടിപ്പിക്കും. ‘അറബ്‌സ് ഗോട്ട് ടാലന്റ്’ എന്ന വിഷയത്തിൽ ‘ബെസ്റ്റ് അറബ് ടാലന്റ്’ ടൈറ്റിൽ ജേതാക്കളായ ഖവാട്ടർ അൽ സലാം, ‘ലൈറ്റ് ആൻഡ് വിഷ്വൽ ആർട്ട്’ ടെക്‌നിക്കിലെ വിദഗ്ധരും, അതോടൊപ്പം ഗംഭീര ലൈറ്റ് ഷോകളും ഇതിൽ ഉൾപ്പെടുന്നു.