SHE STEMS : ഒമാനി വനിതകളുടെ കഴിവുകൾ വർധിപ്പിക്കാൻ പുതിയ പദ്ധതി

മസ്‌കറ്റ്: ഒമാനി വനിതകളുടെ യഥാർത്ഥ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും പ്രാദേശിക, ആഗോള തൊഴിൽ വിപണികൾക്കായി അവരുടെ കഴിവുകൾ മൂർച്ച കൂട്ടുന്നതിനുമായി ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ മന്ത്രാലയം തൊഴിൽ മന്ത്രാലയവും ഒമാൻ കേബിൾ വ്യവസായ കമ്പനിയുമായി സഹകരണ പദ്ധതിയിൽ (SHE STEMS) ഒപ്പുവച്ചു.

ഒമാനിലെ വ്യവസായം, ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം എന്നീ മേഖലകളിൽ പ്രവർത്തിക്കാൻ 20 ഒമാനി പെൺകുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനാണ് പ്രോഗ്രാം ശ്രമിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ ഗവേഷണ നവീകരണ മന്ത്രി ഡോ. റഹ്മ ഇബ്രാഹിം അൽ മഹ്‌റൂഖി, മാനവവിഭവശേഷി വികസന തൊഴിൽ മന്ത്രാലയം അണ്ടർസെക്രട്ടറി സയ്യിദ് സലിം മുസല്ലം അൽ ബുസൈദി, ഒമാൻ കേബിൾസ് ഇൻഡസ്‌ട്രി സിഇഒ സിൻസിയ ഫാരിസ് എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്.

ഒമാൻ കേബിൾസ് ഇൻഡസ്‌ട്രി ആരംഭിച്ച ഈ സംരംഭം ഒമാനി വനിതകളുടെ കഴിവുകൾ വികസിപ്പിക്കുകയും അവർക്ക് തൊഴിൽ വിപണിയിൽ പുതിയ അവസരങ്ങൾ നൽകുകയും ചെയ്യുന്നതാണ് ലക്ഷ്യമെന്ന് ഡോ.റഹ്മ പറഞ്ഞു.