ഒമാനിൽ പകർച്ചവ്യാധികളുടെ ദേശീയ സർവേ ആരംഭിക്കുന്നു

മസ്‌കറ്റ്: പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നതിൽ നിന്ന് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി  ഒക്ടോബർ 16 ഞായറാഴ്ച മുതൽ ഒമാൻ സുൽത്താനേറ്റിന്റെ വിവിധ ഗവർണറേറ്റുകളിൽ  സമഗ്ര ദേശീയ സർവേ ആരംഭിക്കും.

പകർച്ചവ്യാധികളിൽ നിന്ന് വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യം സംരക്ഷിക്കുക ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയം ഒക്ടോബർ 16  മുതൽ രോഗവാഹകരുടെ സമഗ്രമായ ദേശീയ സർവേ നടപ്പിലാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഒമാൻ സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ നടക്കുന്ന സമഗ്ര സർവ്വേയിൽ സുൽത്താനേറ്റിലെ മുഴുവൻ ജനവാസ മേഖലകളും ഉൾപ്പെടും. വിനോദസഞ്ചാരികൾ കൂടുതലായി വരുന്ന പ്രദേശങ്ങൾ അല്ലെങ്കിൽ തൊഴിൽ മേഖലകൾ, മനുഷ്യ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങൾ എന്നിവയും സർവേയിൽ ഉൾപ്പെടും.

ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ സ്വഭാവവും അനുസരിച്ച്, ഒമാനിലെ സുൽത്താനേറ്റിന്റെ ഗവർണറേറ്റുകൾക്കിടയിൽ സർവേ നടപ്പാക്കുന്നതിന്റെ ദൈർഘ്യം വ്യത്യാസപ്പെടുന്നതിനാൽ, സർവേ 3 മാസത്തേക്ക് നീണ്ടുനിന്നേക്കാം.

ഈ ദേശീയ പദ്ധതി പൂർണ്ണമായി നടപ്പിലാക്കുന്നതിന് പങ്കെടുക്കുന്ന സ്പെഷ്യലൈസ്ഡ് ടീമുകളുടെ പ്രവർത്തനങ്ങൾ സഹകരിക്കാനും സുഗമമാക്കാനും ആരോഗ്യ മന്ത്രാലയം എല്ലാവരേയും ക്ഷണിക്കുന്നതായും അറിയിച്ചു.