ഒ​മാ​നിൽ എ​ണ്ണ വി​ല ഉയരുന്നു

മ​സ്ക​ത്ത്: ഒ​മാ​നിൽ എ​ണ്ണ വി​ല ഉയരുന്നു.വ്യാ​ഴാ​ഴ്ച ഒ​രു ബാ​ര​ലി​ന് 80 ഡോ​ള​റി​ന് തൊ​ട്ട​ടുത്താണ് വില രേഖപ്പെടുത്തിയത്. 79.69 ഡോ​ള​റാ​ണ് വ്യാ​ഴാ​ഴ്ച രേഖപ്പെടുത്തിയ വി​ല. ബു​ധ​നാ​ഴ്ച​ത്തെ എ​ണ്ണ വി​ല​യെ​ക്കാ​ൾ 2.72 ഡോ​ള​ർ കൂ​ടു​ത​ലാ​ണി​ത്. ബു​ധ​നാ​ഴ്ച ബാ​ര​ലി​ന് 76.97 ഡോ​ള​റാ​യി​രു​ന്നു. ഒ​മാ​ൻ എ​ണ്ണ വി​ല ഈ ​മാ​സാ​ദ്യം കു​ത്ത​നെ ഇ​ടി​യു​ക​യാ​യി​രു​ന്നു. ഒ​മാനിൽ എ​ണ്ണ​വി​ല ജ​നു​വ​രി മൂ​ന്നി​ന് 82.26 ഡോ​ള​റാ​യി​രുന്നു.എ​ന്നാ​ൽ നാ​ലി​ന് ഒ​റ്റ ദി​വ​സം കൊ​ണ്ട് 4.08 ഡോ​ള​ർ ഇ​ടി​ഞ്ഞ് ഒ​മാ​ൻ ബാ​ര​ലി​ന് 77.18 ഡോ​ള​റി​ലെ​ത്തു​ക​യാ​യി​രു​ന്നു. അ​ഞ്ചി​ന് വീ​ണ്ടും ഇ​ടി​ഞ്ഞ് ഒ​മാ​ൻ 75.18 എ​ത്തു​ക​യും ചെ​യ്തു. ഈ ​മാ​സം ആ​റ് മു​ത​ലാ​ണ് എ​ണ്ണ വി​ല ഉ​യ​രാ​ൻ തു​ട​ങ്ങി​യ​ത്.

ചൈ​ന കോ​വി​ഡ് നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്കു​ക​യും രാ​ജ്യം സാ​ധാ​ര​ണ ഗ​തി​യി​ലേ​ക്ക് നീ​ങ്ങു​ക​യും ചെ​യ്ത​താ​ണ് എ​ണ്ണ വി​ല ഉ​യ​രാ​ൻ ​കാ​ര​ണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​മാ​ണ് ചൈ​ന. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ചൈ​ന​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നിന്നിരുന്നു. റോ​ഡ് ഗ​താ​ഗ​തം മു​ത​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ​ക്ക് വ​രെ നി​യ​ന്ത്ര​ണ​മു​ണ്ടാ​യ​ത് എ​ണ്ണ​യു​ടെ ഉ​പ​യോ​ഗം വ​ൻ തോ​തി​ൽ കു​റയുന്നതിന് കാ​ര​ണ​മാ​യി.

റോ​ഡ് ഗ​താ​ഗ​ത​ത്തി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ൻ വ​ർ​ധ​ന​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ റോ​ഡു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ വ​ൻ തോ​തി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ത് കൂ​ടു​ത​ൽ എ​ണ്ണ​യു​ടെ ഉ​പ​ഭോ​ഗ​ത്തി​ലേ​ക്ക് രാ​ജ്യ​ത്തെ ന​യി​ക്കും. മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ വീ​ണ്ടും പ​ഴ​യ രീ​തി​യി​ലെ​ത്തു​ന്ന​തോ​ടെ എ​ണ്ണ​യു​ടെ ഉ​പ​ഭോ​ഗം വീ​ണ്ടും കു​തി​ച്ചു​യ​രും. ഇ​ത് അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ എ​ണ്ണ വി​ല ഇ​നി​യും ഉ​യ​രാ​ൻ കാ​ര​ണ​മാ​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാട്ടുന്നത്. ഇ​ത് ഒ​മാ​ൻ എ​ണ്ണ വി​ല​യും വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കും.