ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി കരസ്ഥമാക്കി എം.എ. യൂസഫലി

അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്കാരം നൽകി ഇന്തോനേഷ്യൻ സർക്കാർ ആദരിച്ചു. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.

അബുദാബി എമിറേറ്റ്സ് പാലസിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചായിരുന്നു ഇന്ത്യോനേഷ്യൻ പ്രസിഡണ്ട് ജോക്കോ വിഡോഡോ സർക്കാരിൻ്റെ ഉന്നത ബഹുമതി യൂസഫലിക്ക് നൽകി ആദരിച്ചത്. ഇന്തോനേഷ്യൻ വ്യാപാര മന്ത്രി മുഹമ്മദ് ലുത്ഫി, ഇന്ത്യോനേഷ്യയിലെ യു.എ.ഇ. സ്ഥാനപതി അബ്ദുള്ള അൽ ദാഹിരി, യു.എ.ഇ. യിലെ ഇന്തോനേഷ്യൻ സ്ഥാനപതി ഹുസ്സൈൻ ബാഗിസ് എന്നിവരടക്കമുള്ള പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇന്തോനേഷ്യയിൽ നിന്നുള്ള ഭക്ഷ്യ – ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ കൂടുതലായി കയറ്റുമതി ചെയ്യുകയും അത് രാജ്യത്തിൻ്റെ സാമ്പത്തിക മേഖലക്ക് കൂടുതൽ ഉണർവ് പകരുകയും പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുകയും ചെയ്തതിനാണ് ഇന്തോനേഷ്യൻ സർക്കാർ യൂസഫലിയെ പുരസ്കാരം നൽകി ആദരിച്ചത്.

ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി ലഭിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും ഇതിന് ഇന്തോനേഷ്യൻ പ്രസിഡണ്ടിനും സർക്കാരിനും നന്ദി പറയുന്നുവെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. രാജ്യത്തെ വാണിജ്യ മേഖലയിൽ കൂടുതൽ ശക്തമായ പ്രവർത്തനം കാഴ്ചവെക്കാൻ ഈ അംഗീകാരം പ്രേരകമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നിലവിലുള്ള അഞ്ച് ഹൈപ്പർമാർക്കറ്റുകൾ കൂടാതെ അബുദാബി സർക്കാർ ഉടമസ്ഥതയിലുള്ള ഏ.ഡി.ക്യൂ.വുമായി ചേർന്ന് പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ബാലി ഉൾപ്പെടെ 30 ഹൈപ്പർമാർക്കറ്റുകൾ കൂടി തുടങ്ങാനും ഈ-കോമേഴ്സിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ധാരണയായി. ലുലു ഗ്രൂപ്പിൻ്റെ ഇന്തോനേഷ്യയിലെ പ്രവർത്തനങ്ങളിൽ പ്രസിഡണ്ട് ജോക്കോ വിഡോഡോ പൂർണ്ണ സംതൃപ്തി പ്രകടിപ്പിച്ചതായും യൂസഫലി കൂട്ടിച്ചേർത്തു.

ഇന്തോനേഷ്യയിലെ വാണിജ്യ രംഗത്ത് ശക്തമായ സാന്നിധ്യമാണ് ലുലു ഗ്രൂപ്പിനുള്ളത്. 3,000 കോടി (500 മില്യൺ ഡോളർ) രൂപയാണ് ഇന്തോനേഷ്യയിൽ ലുലുവിനുള്ള നിക്ഷേപം. 350 കോടി രൂപ മുതൽ മുടക്കിൽ ആധുനിക രീതിയിലുള്ള ഭക്ഷ്യ സംസ്കരണ- ലോജിസ്റ്റിക്സ് കേന്ദ്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്.

2016ൽ ലുലുവിൻ്റെ ആദ്യത്തെ ഹൈപ്പർമാർക്കറ്റ് പ്രസിഡണ്ട് ജോക്കൊ വിദോദൊയായിരുന്നു ഉദ്ഘാടനം ചെയ്തത്, ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേഷൻസ് ഓഫിസർ വി.ഐ. സലീം, ലുലു ഇന്തോനേഷ്യ ഡയറക്ടർ പി.എ. നിഷാദ്, റീജിയണൽ ഡയറക്ടർ ഷാജി ഇബ്രാഹിം എന്നിവരും സന്നിഹിതരായിരുന്നു.

ഇറ്റലിയിൽ നടന്ന ജി 20 ഉച്ചകോടി, സ്കോട്ട്ലാൻഡിലെ ഗ്ലാസ്ഗോവിൽ നടന്ന ലോക നേതാക്കളുടെ ആഗോള കാലാവസ്ഥ ഉച്ചകോടി എന്നിവയിൽ പങ്കെടുത്താണ് ഇന്തോനേഷ്യൻ പ്രസിഡണ്ട് ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇ.യിലെത്തിയത്.