വര്‍ഷാവസാനത്തോടെ ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീക്കിയേക്കും

ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് ഒഴിവാക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയം സെക്രട്ടറി രാജീവ് ബന്‍സാലിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കും കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. രോഗികളുടെ എണ്ണം കുറയുകയും വാക്‌സിനേഷന്‍ വിപുലമാക്കുകയും ചെയ്തതോടെയാണ് വിലക്ക് ഒഴിവാക്കുവാൻ തീരുമാനമെടുത്തിരിക്കുന്നത്. നിലവിൽ ഒമാൻ ഉൾപ്പെടെ ലോകത്തിലെ 25 ഓളം രാജ്യങ്ങളുമായി ഇന്ത്യക്ക് പ്രത്യേക എയർ ബബിൾ കരാർ ഉണ്ട്. സർവീസുകൾ പുനരാരംഭിക്കുന്നത്തോടെ ഈ കരാറുകൾ അവസാനിച്ച് എല്ലാം സാധാരണ നിലയിലേക്ക് മടങ്ങും.