ഒമാന്‍ പുറത്തു നിന്ന് വാക്സിന് കുത്തിവയ്പ്പ് എടുത്ത് എത്തിയവര്‍ അവരുടെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ ഒമാനില്‍ വച്ച് അപ്ഡേറ്റ് ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. തറസ്സുദ് പ്ലസ് ആപ്പ് വഴിയാണ് സര്‍ട്ടിഫിക്കറ്റ് അപ്ഡേറ്റ് ചെയ്യേണ്ടത്. ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള വാക്സിനുകള്‍ എടുത്തവര്‍ക്കു മാത്രമേ ഈ രീതിയില്‍ സര്‍ട്ടിഫിക്കറ്റ് അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രാലയം പ്രതിനിധി ഡോ. നിഹാല്‍ അഫീഫി വ്യക്തമാക്കി.
തറസ്സുദ് പ്ലസ് ആപ്പില്‍ ആവശ്യമായ വിവരങ്ങള്‍ നല്കിയാല് ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ആപ്പിലെ ഇ ഫോറം പൂരിപ്പിക്കുന്നതിനൊപ്പം സിവില്‍ ഐഡി നമ്പര്‍, ജനന തീയതി, പാസ്പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍, എടുത്ത വാക്സിന്റെ പേര്, രണ്ട് ഡോസുകളും എടുത്ത തീയതി, വാക്സിന് എടുത്ത കേന്ദ്രം, ഒരാള്‍ ഒമാനില്‍ എത്തിയാല്‍ ലഭിക്കുന്ന ഇ-മുശ്റിഫ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ആപ്പില്‍ നല്‍കണം. ഇതില്‍ നല്കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണമെന്നും തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്നും അദ്ദേഹം അറിയിച്ചു.