ഒമാനിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ കരാർ രജിസ്ട്രേഷൻ കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി. നിലവിൽ ജനുവരി 31 വരെയായിരുന്നു കരാർ രജിസ്റ്റർ ചെയ്യാൻ തൊഴിലുടമക്കും തൊഴിലാളികൾക്കും തൊഴിൽ മന്ത്രാലയം അനുമതി നൽകിയിരുന്നത്.
തൊഴിലുടമയോ തൊഴിലാളിയോ റോയൽ ഒമാൻ പോലീസിന്റെ സിവിൽ സെന്ററിലെത്തി പി.കെ.ഐ (ആറക്ക നമ്പർ) രജിസ്റ്റർ ചെയ്യുകയാണ് ആദ്യ നടപടി. ഇതിന് പ്രത്യേകമായി ഒരുവിധ ഫീസും നൽകേണ്ടതില്ല.
ഈ ആറക്ക നമ്പറും തൊഴിലുടമയുടെ പി.കെ.ഐ നമ്പറും ഉപയോഗിച്ച് കമ്പനികളാണ് കരാർ മിനിസ്ട്രി ഓഫ് മാൻ പവർ ഒമാന്റെ ഔദ്യോഗിക വെബ്സൈറ്റായ www.mol.gov.omൽ രജിസ്റ്റർ ചേയ്യേണ്ടത്. ഒരു റിയാലാണ് ഫീസ്. ഏതെങ്കിലും സനദ് സെന്റർ മുഖേനയോ കാർഡ് റീഡർ ഉള്ള കമ്പ്യൂട്ടർ മുഖേനയോ തൊഴിൽ കരാർ രജിസ്റ്റർ ചെയ്യാൻ സാധിക്കും.
തൊഴിലുടമകൾക്ക് മേൽപറഞ്ഞ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് തൊഴിലാളിയുടെ വിവരങ്ങൾ നൽകാം. ശമ്പളം, തൊഴിൽ സമയം, വാർഷിക അവധി, അടിസ്ഥാന ശമ്പളം, മുഴുവൻ സാലറി, മറ്റ് അലവൻസുകൾ എന്നിവ സമർപ്പിക്കണം. ഇതിന് ശേഷം ആറക്ക പിൻനമ്പർ എടുത്തിട്ടുള്ള റസിഡന്റ് കാർഡ് വഴി തൊഴിലാളിയുടെ സിവിൽ ഐ.ഡി ഉപയോഗിച്ച് മാത്രമേ ഈ തൊഴിൽ കരാറിന് അംഗീകാരം നൽകാൻ കഴിയുകയുള്ളൂ.