ടൂർ ഓഫ് ഒമാൻ: പതിനൊന്നാമത് സൈക്ലിങ്​ മത്സരം ഫെബ്രുവരി 10 മുതല്‍

ടൂര്‍ ഓഫ് ഒമാന്റെ ഭാഗമായുള്ള പതിനൊന്നാമത് സൈക്ലിങ്​ മത്സരം ഫെബ്രുവരി 10 മുതല്‍ 15 വരെ നടക്കുമെന്ന്​ ഒമാന്‍
സാംസ്‌കാരിക – ടുറിസം മന്ത്രാലയം അറിയിച്ചു. രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ്​ ടൂർ ഓഫ്​ ഒമാൻ സംഘടിപ്പിക്കുന്നത്​. മത്സരത്തിൽ ഒമാന്‍ നാഷനല്‍ ടീമും പങ്കെടുക്കുന്നുവെന്നതും ഈ വർഷത്തെ പ്രത്യേകതയാണ്. 6 ഘട്ടങ്ങളിലായുള്ള മത്സരങ്ങളിൽ 7 അന്താരാഷ്ട്ര ടീമുകള്‍, 9 പ്രോ ടീമുകള്‍, ഒരു കോണ്ടിനന്‍റല്‍ ടീം തുടങ്ങിയവ പ​​ങ്കെടുക്കും​.

രാജ്യത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി ജബല്‍ അഖ്ദര്‍ പര്‍വതനിരയും മത്സരത്തിന് വേദിയാകുന്നത്​ ഈ വർഷത്തെ സവിശേഷതകളിലെന്നാണ്​. 891 കിലോമീറ്ററാണ് ആകെ മത്സര ദൂരം. റുസ്താഖ് കോട്ടയില്‍നിന്ന് ആരംഭിച്ച് ഒമാന്‍ കണ്‍വെന്‍ഷന്‍ ആൻഡ്​ എക്‌സിബിഷന്‍ സെന്‍ററില്‍ അവസാനിക്കുന്നതാണ് ആദ്യ ദിനം.

സൊഹാര്‍ തുറമുഖം, സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റി, റോയല്‍ ഒപേര ഹൗസ്, സമാഈല്‍, അല്‍ മൗജ് മസ്‌കത്ത്, ഖുറിയാത്ത്, ജബല്‍ അഖ്ദര്‍ എന്നിവിടങ്ങളിലൂടെ തുടര്‍ന്നുള്ള ദിവസങ്ങളിലെ മത്സരങ്ങൾ കടന്നുപോകും. മത്സരത്തിന്റെ ഭാഗമായി രാജ്യ​ത്തിന്റെ പരമ്പരാഗത ആഘോഷങ്ങളും അരങ്ങേറും.