ഒമാനിൽ O-, B- രക്ത ഗ്രുപ്പുകളുള്ള ആളുകൾ എത്രയും വേഗം രക്തദാനത്തിന് സന്നദ്ധരാകണമെന്ന് ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്ക് അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി രക്തദാനം നിർവഹിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായ സാഹചര്യത്തിലാണ് അടിയന്തിര ഇടപെടലുകൾക്ക് നിർദ്ദേശം നൽകിയത്. നിലവിൽ അത്യാവശ്യ സർജറികൾക്ക് പോലും മതിയായ രക്തം ലഭിക്കാത്ത അവസ്ഥയാണുള്ളത്. രക്തദാനമെന്ന മഹത്തായ പുണ്യ പ്രവർത്തി ചെയ്യാൻ താൽപ്പര്യപ്പെടുന്നവർ വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെയും, വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 8 വരെയും രക്തദാനം നിർവഹിക്കുന്നതിനായി എത്തിച്ചേരാവുന്നതാണ്.