അന്താരാഷ്ട്ര മാർക്കറ്റിൽ ഒമാൻ എണ്ണവില വീണ്ടും കുറഞ്ഞു. ദുബൈ മെർച്ചന്റൈൽ മാർക്കറ്റിൽ ഈ വർഷം മേയിൽ വിതരണം ചെയ്യേണ്ട അസംസ്കൃത എണ്ണയുടെ വില ഇന്നലെ ബാരലിന് 110.56 ഡോളറായാണ് കുറഞ്ഞത്. വ്യാഴാഴ്ച ഇത് 115.37 ഡോളറായിരുന്നു. വ്യാഴാഴ്ചത്തെ വിലയെക്കാൾ 4.81 ഡോളർ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എണ്ണ വില കുത്തനെ ഇടിയുകയാണ്. രണ്ടു ദിവസംകൊണ്ട് 17.15 ഡോളറിന്റെ കുറവാണുണ്ടായത്. ബുധനാഴ്ച ഒമാൻ എണ്ണവില ബാരലിന് 127.71 ഡോളർ വരെ എത്തിയിരുന്നു. വരും ദിവസങ്ങളിലും എണ്ണവില കുറയാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.