ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ ഈ മാസം 27 മുതൽ പൂർണ രീതിയിൽ പുനരാരംഭിക്കും. രാജ്യ സഭയിൽ നടന്ന ചർച്ചയിൽ ഇന്ത്യൻ വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദ്യ സിന്ധ്യ ആണ് ഇക്കാര്യം അറിയിച്ചത്. ലോകരാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കുള്ള എല്ലാവിധ വിലക്കുകളും ഒഴിവാക്കിയതായും 100 ശതമാനം കപ്പാസിറ്റിയോടെ സർവീസുകൾ പുനരാരംഭിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് 23നാണ് അന്താരാഷ്ട്ര സർവീസുകൾക്ക് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയത്. 2020 ജൂലൈയിൽ പ്രത്യേക എയർ ബബിൾ കരാർ പ്രകാരം 35 രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചുവെങ്കിലും നിയന്ത്രണങ്ങൾ തുടരുകയായിരുന്നു.