ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. മാർച്ച് 23, 24 തീയതികളിൽ ആയിരിക്കും ഇദ്ദേഹം ഇന്ത്യ സന്ദർശനം നടത്തുക. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. സന്ദർശന വേളയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി ചർച്ച നടത്തും.
കഴിഞ്ഞ മാസം ഒമാൻ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ നാസർ ബിൻ അലി അൽ സാബി, റോയൽ ഒമാൻ നേവി കമാൻഡർ റിയർ അഡ്മിറൽ സെയ്ഫ് അൽ റഹ്ബി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം ന്യൂഡൽഹിയിൽ എത്തിയിരുന്നു. ഈ സന്ദർശനങ്ങളുടെ തുടർച്ചയുടെ ഭാഗമായാണ് ഒമാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനം.