ഒമാനിൽ B+ രക്തഗ്രുപ്പുള്ള ആളുകൾ എത്രയും വേഗം പ്ലേറ്റ്ലെറ്റ് ദാനത്തിന് സന്നദ്ധരാകണമെന്ന് ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്ക് അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി രക്തദാനം നിർവഹിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായ സാഹചര്യത്തിലാണ് അടിയന്തിര ഇടപെടലുകൾക്ക് നിർദ്ദേശം നൽകിയത്. നിലവിൽ അത്യാവശ്യ സർജറികൾക്ക് പോലും മതിയായ പ്ലേറ്റ്ലെറ്റുകൾ ലഭിക്കാത്ത അവസ്ഥയാണുള്ളത്. പ്ലേറ്റ്ലെറ്റ് ദാനമെന്ന മഹത്തായ പുണ്യ പ്രവർത്തി ചെയ്യാൻ താൽപ്പര്യപ്പെടുന്നവർ വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെയും, വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 8 വരെയും ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ പ്ലേറ്റ്ലെറ്റ് ദാനം നിർവഹിക്കുന്നതിനായി എത്തിച്ചേരാവുന്നതാണ്.