വീണ്ടും അപകടം : കുന്നംകുളത്ത് കെ സ്വിഫ്റ്റ് ബസ്സിടിച്ച് ഒരാള്‍ മരിച്ചു

കുന്നംകുളത്ത് വെച്ച് കെ എസ് ആര്‍ ടി സിടിയുടെ കെ സ്വിഫ്റ്റ് ബസ്സിടിച്ച് ഒരാള്‍ മരിച്ചു. തൃശ്ശൂർ – കോഴിക്കോട് റൂട്ടിലോടുന്ന കെ സ്വിഫ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്‌. ഇന്ന് പുലർച്ച 5.30 ഓടെ കുന്നംകുളത്ത് മലായ ജംഗ്ഷനിൽ വെച്ച് റോഡ് മുറിച്ച് കടക്കുകയായിരുന്ന തമിഴ്നാട് സ്വദേശിയായ പരസ്വാമിയാണ് ബസ്സിടിച്ച്‌ മരണപ്പെട്ടത്.

ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ബസ്സ് ഇടിച്ചിട്ട ശേഷം നിർത്താതെ പോയതായും റിപ്പോർട്ടുകളുണ്ട്. ബസ് അമിത വേഗത്തിലായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടിരുന്നു. ഡ്രൈവര്‍മാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം സര്‍വീസ് ആരംഭിച്ച സ്വിഫ്റ്റ് ബസുകളാണ് അപകടത്തില്‍പ്പെട്ടത്. സര്‍വീസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് അധികം വൈകും മുമ്പായിരുന്നു രണ്ട് അപകടവും. ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണത്തിലാണ് അപകടം സംഭവിച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയത്.

ഏപ്രില്‍ 11ന് രാത്രി 11 ന് തിരുവനന്തപുരത്തെ കല്ലമ്പലത്തും 12ന് രാവിലെ 10.25 ന് മലപ്പുറം ജില്ലയിലെ കോട്ടക്കലിലുമാണ് അപകടങ്ങളുണ്ടായത്. തിരുവനന്തപുരത്തു നിന്നും കോഴിക്കേട്ടേക്കുള്ള കെ എസ് 29 ബസാണ് ആദ്യം അപകടത്തില്‍ പെട്ടത്. കല്ലമ്പലത്തിനടുത്ത് എതിരെ നിന്നു വന്ന ലോറി ഉരസുകയായിരുന്നു. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കെ എസ് 36 ബസ് മലപ്പുറം ചങ്കുവെട്ടിയില്‍ സ്വകാര്യ ബസുമായി ഉരസിയാണ് രണ്ടാമത്തെ അപകടം. കെ എസ് ആര്‍ ടി സി സ്വിഫ്റ്റിലെ ജീവനക്കാരെല്ലാം കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്.