
മസ്കറ്റ് ഗവർണറേറ്റിൽ വ്യപകമായി ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൊതുക് നിർമാജന ക്യാമ്പയിൻ ശക്തമാക്കാനൊരുങ്ങി മുനിസിപ്പാലിറ്റിയും, ഒമാൻ ആരോഗ്യ മന്ത്രാലയവും. മസ്‌കറ്റ്, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന ഗവർണറേറ്റുകളിലായി നിലവിൽ എൺപതോളം ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതേ തുടർന്ന് മാർച്ച് 27മുതൽ ഏപ്രിൽ 6 വരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളിൽ 3500ലധികം വീടുകളിൽ കൊതുകുനാശിനി തളിച്ചു. ഈഡിസ് ഈജിപ്തി കൊതുകുകളുടെ വ്യാപനത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കുന്നതിന്‍റെ ഭാഗമായി ഗവർണറേറ്റുകളിലെ വിവിധ ഗ്രാമങ്ങളിൽ ലഘുലേഖയും ബ്രോഷറുകളും വിതരണം ചെയ്തു. കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഫീൽഡ് ടീമുകളും രൂപവത്കരിച്ചിട്ടുണ്ട്.