ഒമാനിൽ ഇ പേമെൻറ് സംവിധാനം നിർബന്ധമാക്കി

ഒമാനിലെ എട്ടുവിഭാഗം സാമ്പത്തിക ഇടപാടുകൾക്ക് ഇ പേമെൻറ് സംവിധാനം നിർബന്ധമാക്കി. ഒമാൻ വാണിജ്യ – വ്യവസായിക മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സ്വർണം, വെള്ളി എന്നിവയുടെ വിനിമയം, ഭക്ഷ്യോൽപന്നങ്ങളുടെ വിൽപന, പച്ചക്കറി, പഴം, റസ്റ്റാറൻറ്, കഫെ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, പുകയില വ്യാപാരം, കെട്ടിട നിർമാണ ഉൽപന്നങ്ങൾ എന്നിവക്കാണ് ഇ പേമെൻറ് നിർബന്ധമാക്കിയിരിക്കുന്നത്.

രാജ്യത്തെ ഷോപ്പിങ് കോംപ്ലക്സുകൾ, വാണിജ്യ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ എല്ലാം ഇടപാടുകൾക്ക് ഇ പേമെൻറ് നിർബന്ധമാണ്. ഒമാൻ പുറത്തിറക്കിയ ലിസ്റ്റിലുള്ള വിഭാഗങ്ങൾക്ക് എല്ലാ സ്ഥാപനങ്ങളിലും ഇ പേമെൻറ് സൗകര്യം നൽകണമെന്നാണ് പുതിയ നിബന്ധനയിൽ പറയുന്നത്. വരുന്ന 20 ദിവസത്തിനുള്ളിൽ ഇത്തരം സ്ഥാപനങ്ങളിൽ ഇ പേമെൻറ് സംവിധാനം നടപ്പിലാക്കണം. ഇത് ലംഘികുന്നവർക്ക് 100 റിയാൽ പിഴ ചുമത്തും.