കോഴിക്കോട് സ്വദേശി ഒമാനിലെ സലാലയില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഒരു സ്വദേശി പൗരനെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടോടെയാണ് ഇയാളെ പിടികൂടിയത്. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ് ട്വീറ്റ് ചെയ്തു.
പേരാമ്പ്ര, ചെറുവണ്ണൂര്‍ സ്വദേശി നിട്ടം തറമ്മല്‍ മൊയ്തീന് മുസ്ലിയാരെ (56) ആണു വെള്ളിയാഴ്ച സലാല സദയിലെ ഖദീജ പള്ളിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പത്തിനും പതിനൊന്നിനും ഇടക്കായി നിസ്കാരത്തിനായി പള്ളിയില്‍ എത്തിയതായിരുന്നു മൊയ്തീന്. അല്‍പ്പസമയത്തിനു ശേഷം ഇവിടെയെത്തിയ ആളാണു മൊയ്തീൻ മരിച്ച നിലയില്‍ കിടക്കുന്നതു കണ്ടെത്തിയത്. സമീപത്തു നിന്നു വലിയ തോക്കും കണ്ടെത്തി.
സംഭവത്തെ തുടര്‍ന്നു പള്ളിയില്‍ ജുമുഅ നിസ്കാരം നിര്‍ത്തിവച്ചിരുന്നു. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 30 വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്തുവരികയാണു മൊയ്തീന്. പിതാവ്: കുഞ്ഞബ്ദുല്ല മുസ്ലിയാര്, മാതാവ്: കുഞ്ഞാമി. ഭാര്യ: ആയിശ. മക്കള്‍: നാസര്‍, ബുഷ്റ, ഹഫ്സത്ത്. മരുമക്കള്‍: സലാം കക്കറമുക്ക്, ശംസുദ്ദീന്‍ കക്കറമുക്ക്.