വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന മുന്നറിയിപ്പ്

ഒമാനിൽ റോഡപകടങ്ങള്‍ വർധിക്കുന്ന സാഹചര്യത്തിൽ കർശന മുന്നറിയിപ്പുമായി അധികൃതര്‍. പെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് ഒമാനിൽ വ്യാപകമായി റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് റോഡ് സുരക്ഷ വിഭാഗങ്ങള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. റോഡ് നിയമങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അശ്രദ്ധമായ ഡൈവ്രിങും മറ്റും ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

പെരുന്നാള്‍ അവധിയായയതിനാല്‍ ദുബായില്‍ നിന്ന് നിരവധി പേരാണ് കരമാര്‍ഗ്ഗം ഒമാനില്‍ എത്തുന്നത്. ഇത് മൂലം മസ്‌കത്ത്-സലാല റോഡില്‍ നിരവധി അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസമുണ്ടായ അപകടങ്ങളിൽ മലയാളിയായ യുവതി മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തിരുന്നു.

റോഡുകള്‍ പരിചയമില്ലാത്തതും വിശ്രമമില്ലാതെ തുടര്‍ച്ചയായി വാഹനങ്ങള്‍ ഓടിക്കുന്നതുമാണ് അപകടത്തിന് പ്രധാന കാരണം. ട്രാഫിക്ക് നിയമങ്ങള്‍ പാലിച്ചും ദീര്‍ഘയാത്രക്കിടെ ഇടക്ക് വിശ്രമിച്ചും ഡ്രൈവിങ് തുടരുകയാണെങ്കില്‍ അപകടങ്ങള്‍ ഒരു പരിധിവരെ കുറക്കാമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.