ഒമാനിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. രാജ്യത്തെ പല പ്രദേശങ്ങളിലും താപനില ഇതിനോടകം 50 ഡിഗ്രിക്ക് അടുത്ത് എത്തിയിട്ടുണ്ട്. ഇബ്രിയിൽ ഇന്നലെ 46.9 ഡിഗ്രി സെൽഷ്യസ് ആണ് താപനില രേഖപ്പെടുത്തിയത്. ഫഹൂദിൽ 46.8 ഡിഗ്രിയും, റുസ്താഖിൽ 46 ഡിഗ്രിയും അനുഭവപ്പെട്ടു. അതേ സമയം മൻസൂൺ സീസൺ ആരംഭിക്കാനൊരുങ്ങുന്ന സലാലയിൽ 27 ഡിഗ്രി സെൽഷ്യസ് മാത്രമാണ് താപനിലയുള്ളത്.
രാജ്യത്ത് ചൂട് ഇനിയും കൂടാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചൂട് കൂടുന്നതിനാൽ സൂര്യാഘാതമേൽക്കാൻ സാധ്യതയുണ്ടെന്നും പുറംജോലി ചെയ്യുന്ന തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കമ്പനികൾ ഇതേക്കുറിച്ച് ബോധവൽക്കരണം നൽകുകയും, തൊഴിലാളികൾക്ക് മതിയായ വിശ്രമം ഉറപ്പുവരുത്തുകയും വേണം.