അയൽ രാജ്യമായ യു.എ.ഇയിൽ കഴിഞ്ഞ ദിവസം കുരങ്ങുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇതുവരെ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടാക്കുന്ന സാഹചര്യങ്ങളൊന്നും നിലവിലില്ല. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യം ഒമാൻ പഠിച്ച് വരുകയാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കുരങ്ങുപനിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ നിരവധി വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനുള്ള സാധ്യത മുൻനിർത്തിയാണ് മന്ത്രാലയം ഇക്കാര്യത്തിൽ കൃത്യമായ അറിയിപ്പ് പുറത്തു വിട്ടത്.