മസ്കത്ത്: 2021ൽ ഒമാനിലെ സർക്കാർ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ ഇടിവ്. ഫിസിഷ്യൻമാരുടെ എണ്ണത്തിൽ 33 ശതമാനം കുറവുണ്ടായപ്പോൾ ദന്തഡോക്ടർമാരുടെ എണ്ണത്തിൽ 75 ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തി.
നാഷണൽ സെന്റർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്ഐ)യുടെ വാർഷിക റിപ്പോർട്ടിൽ നൽകിയ കണക്കുകൾ പ്രകാരം, 2019ലെ 9,602 ഫിസിഷ്യൻമാരുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ മൊത്തം ഫിസിഷ്യൻമാരുടെ എണ്ണം 2021ൽ 33.2 ശതമാനമാണ് കുറവുണ്ടായത്.
മൊത്തം നഴ്സുമാരുടെ എണ്ണത്തിൽ 21.6 ശതമാനം കുറവുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. സർക്കാർ മേഖലയിലെ നഴ്സുമാരുടെ എണ്ണം 2019 നിന്ന് 4,399 പേർ കുറഞ്ഞു. അതേസമയം 2021-ൽ വിവിധ സർക്കാർ ആശുപത്രികളിലെ മൊത്തം നഴ്സുമാരുടെ എണ്ണം 15,924 ആയി ഉയർന്നു.
എൻസിഎസ്ഐ വാർഷിക റിപ്പോർട്ട് അനുസരിച്ച്, സർക്കാർ മേഖലയിലും മൊത്തം ദന്തഡോക്ടർമാരുടെ എണ്ണത്തിൽ 2019 ലെ 1,494 ദന്തഡോക്ടർമാരിൽ നിന്ന് 2021 ൽ 359 ദന്തഡോക്ടർമാരുടെ എണ്ണത്തിൽ 75.9 ശതമാനം കുറവുണ്ടായി. കൂടാതെ ഫാർമസിസ്റ്റുകളുടെ എണ്ണവും 2019 നെ അപേക്ഷിച്ച് 2021 ൽ 66.6 ശതമാനം കുറഞ്ഞു.
അതേസമയം സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ 2019-ൽ 13,450-ൽ നിന്ന് 2021-ൽ 14,377 ജീവനക്കാരുമായി വർധനവ് രേഖപ്പെടുത്തി. എന്നാൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ എണ്ണത്തിലും കുറവുണ്ടായി. നഴ്സുമാരുടെ എണ്ണം 2019-ൽ 4,078 ആയിരുന്നത് 2021-ൽ 3,968 ആയി കുറഞ്ഞു.