മസ്കത്ത്: റഷ്യൻ ഫെഡറേഷന്റെ വെറ്ററിനറി, ഫൈറ്റോസാനിറ്ററി സൂപ്പർവിഷൻ ഫെഡറൽ സർവീസ് പ്രതിനിധി സംഘവുമായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥർ തമ്മിൽ കൂടിക്കാഴ്ച നടത്തി.
മത്സ്യം, കാർഷിക, കന്നുകാലി ഉൽപന്നങ്ങൾ എന്നിവയുടെ വ്യാപാര വിനിമയത്തിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ യോഗം ചർച്ച ചെയ്തു. ഒമാനും റഷ്യയും തമ്മിലുള്ള കയറ്റുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും വ്യവസ്ഥകളും അവലോകനം ചെയ്തു.
ആരോഗ്യ സമ്പ്രദായങ്ങൾ, മത്സ്യ ഉൽപ്പാദനത്തിന്റെ ഗുണനിലവാരം, കാർഷിക, കന്നുകാലി സൗകര്യങ്ങൾ, ഭക്ഷ്യ സുരക്ഷാ സംവിധാനം എന്നിവ പര്യവേക്ഷണം ചെയ്യുന്നതിനായി റഷ്യൻ പ്രതിനിധി സംഘം ഒമാനിലേക്കുള്ള സന്ദർശന പരിപാടിയുടെ ചട്ടക്കൂടിനുള്ളിലാണ് കൂടിക്കാഴ്ച നടന്നത്. ഒമാൻ ഫിഷറീസ് കമ്പനിയുടെ ഉൽപന്നങ്ങൾ റഷ്യയിലേക്ക് കയറ്റുമതി ചെയ്യാൻ അനുവദിക്കുന്നതിനുള്ള മുന്നൊരുക്കത്തിന്റെ മൂല്യനിർണ്ണയ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സന്ദർശനം ലക്ഷ്യമിടുന്നു.