മസ്കത്ത്: രാജ്യത്തെ സാഹസിക ടൂറിസം രംഗത്തെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായ മുസന്ദം ഗവർണറേറ്റിലെ സിപ്ലൈൻ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. ഡമ്മി ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം പരീക്ഷണ പ്രവർത്തനം നടത്തിയത്. ഇതു വിജയകരമാണെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ സാഹസിക ടൂറിസം രംഗത്ത് ഉണർവു നൽകുന്ന പദ്ധതി ഈ വർഷം അവസാനത്തോടെ തുടങ്ങാനാകുമെന്നാണ് കരുതുന്നത്. ഖസബ് വിലായത്തിൽ ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനി (ഒമ്രാൻ ഗ്രൂപ്) ആണ് പദ്ധതിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. ജബൽ ഫിറ്റിൽനിന്ന് ആരംഭിച്ച് ഖോർ ഖാദിയുടെയും മോഖി പ്രദേശത്തിന്റെയും മനോഹര ഭൂപ്രകൃതിയിലൂടെ കടന്നുപോകുന്ന തരത്തിൽ 1800 മീറ്റർ നീളത്തിലാണ് സിപ്ലൈനുള്ളത്. അത്താന ഖസബ് ഹോട്ടലുമായാണ് ഇതിന്റെ ലാൻഡിങ് പോയന്റ് ബന്ധിപ്പിച്ചത്.
സുൽത്താനേറ്റിലെ ഉയരത്തിലുള്ള സിപ്ലൈൻ ആണ് ഇവിടത്തേത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികൾക്ക് മുസന്ദത്തിന്റെയും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളുടെയും മനോഹാരിത അനുഭവിക്കാം.