മസ്കത്ത്: ജിദ്ദയിൽ നിന്ന് ഒമാൻ എയർ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് അഞ്ചു ലിറ്റർ സംസം വെള്ളം സൗജന്യമായി കൂടെ കൊണ്ടുപോകാമെന്ന് വിമാനക്കമ്പനി അറിയിച്ചു. ഉംറ യാത്രക്കാർക്കും അല്ലാത്തവർക്കും ആനുകൂല്യം ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം വിമാനത്താവളത്തിലെ അംഗീകൃത കൗണ്ടറിൽ നിന്നു വാങ്ങുന്ന സംസം ബോട്ടിൽ ആയിരിക്കണമെന്നും കമ്പനി അറിയിച്ചു. ലഗേജുകൾക്കകത്ത് സംസം ബോട്ടിൽ പാക്ക് ചെയ്തു കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും വിമാനക്കമ്പനി കൂട്ടിച്ചേർത്തു.
കോവിഡിനുമുമ്പ് ജിദ്ദയിൽനിന്നു യാത്രചെയ്യുന്നവർക്ക് തങ്ങളുടെ ലഗേജിന്റെ കൂടെ അഞ്ചു ലിറ്റർ സംസം വെള്ളം സൗജന്യമായി കൊണ്ടുപോകാൻ വിവിധ വിമാനക്കമ്പനികൾ അനുവദിച്ചിരുന്നെങ്കിലും കോവിഡിനുശേഷം ഈ ആനുകൂല്യം പല കമ്പനികളും നിർത്തിവെച്ചിരിക്കുകയായിരുന്നു. ഈ നിബന്ധന ഉംറ യാത്രക്കാർക്കടക്കം പ്രയാസങ്ങൾ ഉണ്ടാക്കിയിരുന്നു. ഒമാൻ വിമാനക്കമ്പനിയുടെ തീരുമാനത്തിനു പിന്നാലെ മറ്റു കമ്പനികളും നേരത്തേയുണ്ടായിരുന്ന ഈ ആനുകൂല്യം പുനഃസ്ഥാപിച്ചേക്കാം.