ഒമാനിലെ ദീര്‍ഘകാല റെസിഡൻസി വിസ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിലൊരാളായി ഡോ. ഷംഷീര്‍ വയലില്‍. മസ്ക്കറ്റിൽ വെച്ച് നടന്ന ചടങ്ങിൽ ഒമാന്‍ വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫില്‍ നിന്ന് ഇദ്ദേഹം റെസിഡന്‍സി കാര്‍ഡ് സ്വീകരിച്ചു. ലുലു ഗ്രുപ്പ് മേധാവി എം എ യൂസഫലിക്ക് ഒപ്പമാണ്, ആദ്യ ഘട്ടത്തിൽ തെരെഞ്ഞെടുക്കപ്പെട്ട 22 നിക്ഷേപകരിൽ മലയാളിയായ ഡോ. ഷംസീറും ഉൾപ്പെട്ടത്.
മിഡില്‍ ഈസ്റ്റിലെ പ്രമുഖ ആശുപത്രി ശ്രിംഖലയായ വിപിഎസ് ഹെല്‍ത്ത്കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ഡോ. ഷംഷീര്‍ വയലില്‍. യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്കെയറിന് മസ്‌ക്കറ്റിലെ ബുര്‍ജീല്‍ ആശുപത്രി ഉൾപ്പെടെ ഒമാനിലും നിരവധി ആശുപത്രികളുണ്ട്. കോവിഡ് വ്യാപന ഘട്ടത്തിലുൾപ്പെടെ ഒമാൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചു കൊണ്ട് നിർണ്ണായക ഇടപെടലുകൾ ഗ്രുപ്പ് നടത്തിയിരുന്നു.
10 വര്‍ഷം കാലാവധിയുള്ള താമസ വിസയാണ് ഡോ. ഷംഷീറിന് ലഭിച്ചത്. യുഎഇയിലെ ഗോള്‍ഡന്‍ വിസ പദ്ധതിക്ക് സമാനമാണിത്. 2019 ജൂണില്‍ ഡോ. ഷംഷീറിന് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരില്‍ ഒരാളാവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി ഒമാന്‍ വ്യവസായ നിക്ഷേപക പ്രോത്സാഹന മന്ത്രാലയത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഡോ. ഷംസീർ വയലിൽ പറഞ്ഞു.