ശൈത്യകാല ക്യാമ്പ് : മസ്കത് മുനിസിപ്പാലിറ്റി അപേക്ഷ സ്വീകരിച്ചു തുടങ്ങി

ശൈത്യകാല സീസണിന്‍റെ ഭാഗമായി മസ്കത്ത് ഗവർണറേറ്റിൽ ക്യാമ്പ് ഒരുക്കുന്നവർക്കായുള്ള അപേക്ഷ മസ്കത്ത് മുനിസിപ്പാലിറ്റി സ്വീകരിച്ച് തുടങ്ങി.ഐ.ഡി കാര്‍ഡ് ഉപയോഗിച്ച് നഗരസഭയുടെ ബന്ധപ്പെട്ട വിഭാഗത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ക്യാമ്പിങ് നടത്തുന്നവർക്ക് മുനിസിപ്പാലിറ്റി മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആരോഗ്യം, പരിസ്ഥിതി, സുരക്ഷ, നഗരത്തിന്റെ സൗന്ദര്യം സംരക്ഷിക്കൽ തുടങ്ങിയവ കണക്കിലെടുത്താണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്.

രണ്ടു ദിവസത്തിൽ കൂടുതൽ ക്യാമ്പുകൾ അനുവദിക്കില്ല. കാരവന്‍, ടെന്റ് എന്നിവക്കും ഇത് ബാധകമായിരിക്കും. എന്നാൽ, പ്രത്യേക അനുമതിയോടെ 48 മണിക്കൂറിലധികം ക്യാമ്പ് നടത്താം. ഇതിനായി നൂറ് റിയാല്‍ സെക്യൂരിറ്റി ഡെപോസിറ്റ് നല്‍കേണ്ടി വരും. ഇങ്ങനെ നടത്തുന്ന ക്യാമ്പിന് ഏഴു രാത്രിവരെ അനുമതി ലഭിച്ചേക്കും. ഇത് പിന്നീട് ദീർഘിപ്പിക്കാനും കഴിയും.

മുനിസിപ്പാലിറ്റി നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ ക്യാമ്പ് നടത്താൻ പാടുള്ളൂ. ഓരോ ക്യാമ്പ് സൈറ്റുമായി അഞ്ച് മീറ്ററില്‍ കുറയാത്ത അകലമുണ്ടായിരിക്കണം. ബീച്ചുമായും നിശ്ചിത അകലം വേണം. മത്സ്യബന്ധനക്കാരുടെയും സുരക്ഷാ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയ സ്ഥലങ്ങളിലും ക്യാമ്പിങ് അനുവദിക്കില്ല. പാര്‍പ്പിട കേന്ദ്രങ്ങളിൽനിന്ന് കുറഞ്ഞത് 100 മീറ്റര്‍ അകലെയായിരിക്കണം. ആവശ്യമായ ലൈസൻസ് നേടാതെ ക്യാമ്പ് നടത്തിയാൽ 200 റിയാൽ അഡ്മിനിസ്ട്രേറ്റിവ് പിഴ ചുമത്തും. ക്യാമ്പിങ്ങിനുള്ള നിയന്ത്രണങ്ങളോ ആവശ്യകതകളോ പാലിച്ചിട്ടില്ലെങ്കിൽ 50 റിയാലിന്‍റെ പിഴയും ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ക്യാമ്പിങ് കാലയളവിൽ സ്ഥലം വൃത്തിയായി സൂക്ഷിക്കണം.