ഒമാൻ മൊത്ത ആഭ്യന്തര ഉൽപാദനം ഈവർഷം 4.3 ശതമാനമായി ഉയരും: ഐ.എം.എഫ്

മസ്കത്ത്: രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) ഈ വർഷം 4.3 ശതമാനമായി ഉയരുമെന്ന് ഐ.എം.എഫ് വിലയിരുത്തി. പെട്രോളിയം ഉൽപന്നങ്ങളുടെ ഉൽപാദനം വർധിച്ചതും എണ്ണയിതര വരുമാന മാർഗങ്ങൾ കണ്ടെത്തുന്നതുമാണ് ജി.ഡി.പി വർധിക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഒമാനിൽ 2020ലെ ജി.ഡി.പി താഴ്ച കാണിക്കുന്നതായി ഐ.എം.എഫ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി. 2021ൽ മുന്ന് ശതമാനമായി വർധിച്ചു. ഒമാൻ നടപ്പാക്കിയ ശക്തമായ വാക്സിനേഷൻ ശ്രമങ്ങൾ, സാമൂഹിക അകലം അടക്കമുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും സാമ്പത്തിക മേഖലയിൽ പുത്തനുണർവാണ് നൽകിയത്.

ഇത് രാജ്യത്തെ സാമ്പത്തിക വളർച്ചയിലേക്ക് നയിച്ചതായാണ് ഐ.എം.എഫിന്റെ വിലയിരുത്തൽ. എണ്ണ വില വർധന ഒമാന്‍റെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിൽ ഏറെ സഹായിച്ചു. എണ്ണയിൽനിന്നുള്ള വരുമാനം ഉയർന്നതോടൊപ്പം രാജ്യത്തിന്റെ ചെലവുകൾ കുറച്ചതും വാറ്റ് നടപ്പാക്കിയതും സാമ്പത്തിക മേഖലക്ക് പിന്തുണയായി. ബാങ്കിങ് മേഖലയും ആരോഗ്യകരമായ രീതിയിലാണ് മുന്നോട്ടുപോവുന്നത്. ഒമാൻ സെൻട്രൽ ബാങ്കിന്റെ നിരീക്ഷണവും ഉയർന്ന കരുതൽ നിക്ഷേപവും ബാങ്കിങ് മേഖലക്ക് അനുഗ്രഹമാണ്.

2022ലെ ആഗോള പണപ്പെരുപ്പം മൂന്നു ശതമാനമായി ഉയർന്നെങ്കിലും റഷ്യ-യുക്രെയ്ൻ യുദ്ധം ഒമാന്‍റെ സാമ്പത്തികമേഖലയെ ചെറിയ തോതിൽ മാത്രമാണ് പ്രതികൂലമായി ബാധിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു നിശ്ചിത പ്രദേശത്ത് നിർണിത കാലയളവിൽ ഉൽപാദിപ്പിക്കുന്ന വസ്തുക്കളുടെയും സേവനത്തിന്റെയും വിപണിമൂല്യമാണ് മൊത്ത ആഭ്യന്തര ഉൽപാദനം അഥവാ ജി.ഡി.പി. ഒരു രാജ്യത്തിന്റെ സാമ്പത്തികശേഷി അളക്കുന്നതിനുള്ള സൂചികയാണിത്.